
കെടിഎമ്മിന്റെ ഏറ്റവും പുതിയ മോഡലായ 390 അഡ്വഞ്ചറിന്റെ പ്രീ-ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയതായി സൂചന. രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ 10,000 രൂപ ടോക്കൺ തുക നൽകി വാഹനം ബുക്ക് ചെയ്യാനാകും. ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ കെടിഎമ്മിന്റെ 390 അഡ്വഞ്ചറിന്റെ ഡെലിവറികൾ അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
3 ലക്ഷം രൂപ മുതൽ 3.2 ലക്ഷം രൂപ വരെയാണ് മോട്ടോർ സൈക്കിളിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. കെടിഎം 390 അഡ്വഞ്ചർ ഈ മാസം ആദ്യം ഇറ്റലിയിലെ മിലാനിൽ നടന്ന 2019 EICMA മോട്ടോർ സൈക്കിൾ ഷോയിലാണ് അരങ്ങേറ്റം കുറിച്ചത്. 2019 ഇന്ത്യാ ബൈക്ക് വീക്കിൽ വാഹനം രാജ്യത്ത് അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 390 അഡ്വഞ്ചറിന്റെ വിപണിയിലെ പ്രധാന എതിരാളിയായ ബിഎംഡബ്ല്യു G310 GS-ന് 3.49 ലക്ഷം രൂപയിൽ ലഭ്യമാണ്.
390 അഡ്വഞ്ചർ കെടിഎമ്മിന്റെ അഡ്വഞ്ചർ ടൂറർ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ്. ഈ വിഭാഗത്തിലെ കമ്പനിയുടെ എൻട്രി ലെവൽ മോഡലല്ല ഇത്. കെടിഎം ഇതിനകം തന്നെ 250 അഡ്വഞ്ചർ അവരുടെ വെബ്സൈറ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മോഡൽ ഇന്ത്യൻ വിപണിയിലും ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. 373.2 സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, 4-വാൽവ്, ബാലൻസ് ഷാഫ്റ്റുള്ള DOHC എഞ്ചിനാണ് കരുത്തേകുന്നത്. ആറ് സ്പീഡ് ആണ് ഗിയർബോക്സ്. എഞ്ചിൻ പരമാവധി 43 bhp പവറും 37 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.






