
സസ്യാഹാരത്തിന്റെ മേന്മ ഓര്‍മ്മപ്പെടുത്തുകയാണ് സദ്യ. സദ്യക്ക് ഒഴിവാക്കാനാവാത്ത വിഭവമാണ് പായസം. സദ്യയ്ക്ക് വിളമ്പാന്‍ രുചിയൂറും പായസക്കൂട്ടുകള്‍.
1. മാമ്പഴ പ്രഥമന്‍
മാമ്പഴം - 5 എണ്ണം
തേങ്ങ - 2 എണ്ണം
ശര്‍ക്കര - 750 ഗ്രാം
നെയ്യ് - 100 ഗ്രാം
ചൗവരി - 50 ഗ്രാം
ചെറുപയര്‍ പരിപ്പ് - 200 ഗ്രാം
നിലക്കടല - 50 ഗ്രാം
കിസ്മിസ് - 25 ഗ്രാം
ഏലയ്ക്ക, ചുക്ക്, ജീരകപൊടി - അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം
മാമ്പഴം തൊലി ചെത്തി ചെറിയ കഷണങ്ങളാക്കുക. തേങ്ങ ചിരവി പിഴിഞ്ഞ് ഒന്ന്, രണ്ട് എന്നിങ്ങനെ പാലെടുത്തുവയ്ക്കുക. ശേഷം ശര്‍ക്കര ഉരുക്കി അരിച്ച് വയ്ക്കുക. മുറിച്ചുവച്ച മാമ്പഴ കഷണങ്ങള്‍ പകുതിയെടുത്ത് അരച്ചെടുക്കുക. പകുതി മാറ്റിയും വയ്ക്കാം. ചെറുപയര്‍ പരിപ്പും ചൗവരിയും വേവിച്ച് വയ്ക്കണം. പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ നെയ്യൊഴിക്കാം. ഇതിലേക്ക് കിസ്മിസ്, നിലക്കടല ഇവയിട്ട് വറുത്ത് കോരിവയ്ക്കാം. ഈ നെയ്യിലേക്ക് മാമ്പഴം കഷണങ്ങളും അരച്ചമാമ്പഴവും ചേര്‍ത്ത് വേവിക്കുക. ശേഷം വെന്ത ചൗവരി, പരിപ്പ്, ശര്‍ക്കര, പകുതി വീതം ഏലയ്ക്ക, ചുക്ക്, ജീരകപ്പൊടി, വറുത്ത നിലക്കടല, കിസ്മിസ് എന്നിവ പാകം ചെയ്യാം. അതിലേക്ക് രണ്ടാം പാല് ഒഴിച്ച് തിളപ്പിക്കുക. തിളച്ചുകുറുകി വരുമ്പോള്‍ ഒന്നാം
പാലൊഴിച്ച് ഇളക്കി വാങ്ങുക. തിളച്ച് തൂവാന്‍ പാടില്ല. അതിന് മുകളിലേക്ക് നിലക്കടലയും കിസ്മിസും അലങ്കരിച്ച് ഉപയോഗിക്കാം.
2. ആപ്പിള്‍ പായസം
ആപ്പിള്‍ - 4 എണ്ണം
തേങ്ങ - 2 എണ്ണം
കശുവണ്ടി - 250 ഗ്രാം
തേങ്ങ നുറുക്കിയത് - 25 ഗ്രാം
പഞ്ചസാര - ആവശ്യത്തിന്
ഏലയ്ക്കാപൊടി - അര ടീസ്പൂണ്‍
ചൗവരി - 50 ഗ്രാം
മില്‍ക്ക് മെയ്ഡ് - 75 ഗ്രാം
നെയ്യ് - 25 ഗ്രാം
തയാറാക്കുന്ന വിധം
ആപ്പിള്‍ തൊലി കളഞ്ഞ് ചെറുതായി കൊത്തിയരിഞ്ഞ് വയ്ക്കുക. തേങ്ങ ചിരവി പിഴിഞ്ഞ് ഒന്ന്, രണ്ട് എന്നിങ്ങനെ പാലെടുത്ത് വയ്ക്കുക. ചൗവരി വേവിച്ചെടുക്കുക. ഒരു പാനില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ കശുവണ്ടി വറത്ത് കോരി എടുക്കുക. ഇതിലേക്ക് തേങ്ങ നുറുക്കിയതും ചേര്‍ത്ത് വറുത്ത് കോരിയെടുക്കാം. ഈ നെയ്യിലേക്ക് അരിഞ്ഞുവച്ച ആപ്പിള്‍ ചേര്‍ത്ത് വേവിച്ച് ഉടയ്ക്കുക. അതിലേക്ക് ചൗവരിയും ഏലയ്ക്കാപൊടിയും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി വഴറ്റിയെടുക്കാം. പാകമാകുമ്പോള്‍ രണ്ടാം പാലൊഴിച്ച് ഇളക്കി തിളപ്പിക്കുക. തിളച്ച് വരുമ്പോള്‍ ഒന്നാം പാലൊഴിക്കുക. തിളയ്ക്കേണ്ടതില്ല. വാങ്ങി വച്ച ശേഷം മുകളില്‍ മില്ക്ക്മെയ്ഡ് ഒഴിക്കുക. വറുത്ത തേങ്ങാക്കൊത്തും കശുവണ്ടിയും വിതറി അലങ്കരിക്കാം.
3. നുറുക്ക് ഗോതമ്പ് - ഈന്തപ്പഴ പായസം
ഈന്തപ്പഴം - 500 ഗ്രാം
നുറുക്ക് ഗോതമ്പ് - 300 ഗ്രാം
തേങ്ങ - 2 എണ്ണം
ശര്‍ക്കര - 750 ഗ്രാം
ഏലയ്ക്ക, ചുക്ക്, ജീരകപൊടി - അര ടീസ്പൂണ്‍
നെയ്യ് - 70 ഗ്രാം
തേങ്ങാക്കൊത്ത് - 25 ഗ്രാം
ഉണക്കമുന്തിരി - 25 ഗ്രാം
കശുവണ്ടി - 25 ഗ്രാം
തയാറാക്കുന്ന വിധം
ഈന്തപ്പഴം കുരുനീക്കിയ ശേഷം ചെറുതായി അരിഞ്ഞ് ചതച്ചെടുക്കുക. തേങ്ങ ചിരവി പിഴിഞ്ഞ് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ പാലെടുത്ത് വയ്ക്കുക. നുറുക്ക് ഗോതമ്പും ചതച്ച ഈന്തപ്പഴവും മൂന്നാം പാലില്‍ വേവിക്കുക. ശേഷം ശര്‍ക്കര ഉരുക്കി അരിച്ചെടുത്ത് വയ്ക്കാം. ഒരു പാന്‍ അടുപ്പില്‍ വച്ച് നെയ്യൊഴിച്ച് ചുടാക്കുക. അതിലേക്ക് തേങ്ങാക്കൊത്തും കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തെടുക്കാം. ഈ നെയ്യിലേക്ക് തന്നെ വെന്ത ഗോതമ്പും ഈന്തപ്പഴകൂട്ടും ഉരുക്കിയ ശര്‍ക്കരയും പകുതി വീതം ഏലയ്ക്ക, ചുക്ക്, ജീരകപൊടി ഇവ ഇട്ട് വരട്ടി വേവിക്കുക. ഇതിലേക്ക് രണ്ടാം പാലും ഒഴിച്ച് തിളപ്പിക്കുക. തിളച്ച് കുറുകിയ ശേഷം ഒന്നാം പാലൊഴിച്ച് ഇളക്കി വാങ്ങുക. അതിന്റെ മുകളിലേക്ക് തേങ്ങാക്കൊത്തും കശുവണ്ടിയും ഉണക്കമുന്തിരിയും വിതറി ഉപയോഗിക്കാം.
4. ചെറിപ്പഴം പായസം
ചെറിപ്പഴം - 300 ഗ്രാം
ഓട്സ് - 200 ഗ്രാം
പാല് - ഒരു ലിറ്റര്‍
ഏലയ്ക്കാപൊടി - അര ടീസ്പൂണ്‍
പഞ്ചസാര - ആവശ്യത്തിന്
ബദാം - 15 എണ്ണം
നെയ്യ് - 25 ഗ്രാം
മില്‍ക്ക് മെയ്ഡ് - 50 ഗ്രാം
തയാറാക്കുന്ന വിധം
ചെറിപ്പഴം 50 ഗ്രാം മാറ്റി വയ്ക്കുക. ബദാം നുറുക്കി വറുത്ത് എടുക്കുക. 250 ഗ്രാം ചെറിപ്പഴം നന്നായി ചതച്ചെടുക്കുക. ചതച്ച ചെറിപ്പഴവും പഞ്ചസാരയും അല്പം വെള്ളം ചേര്‍ത്ത് വേവിക്കുക. ശേഷം ഓട്സ് അര ലിറ്റര്‍ പാല് ചേര്‍ത്ത് കുറുക്കുക. ഒരു പാനില്‍ നെയ്യൊഴിച്ച് കുറുക്കിയ ഓട്സും വെന്ത ചെറിപ്പഴവും ചേര്‍ത്തിളക്കുക. ഇതിലേക്ക് ഏലയ്ക്കാപൊടി പഞ്ചസാര, ബാക്കി പാല്, ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക. തിളച്ച് കുറുകി വരുമ്പോള്‍ വാങ്ങിയ ശേഷം മില്ക്ക്മെയ്ഡ് ഒഴിച്ച് ഇളക്കുക. അതിന്റെ മുകളിലേക്ക് വറുത്ത ബദാമും മാറ്റി വച്ച ചെറിയും ചേര്‍ത്തിളക്കി ഉപയോഗിക്കാം.
5. പേരയ്ക്ക മുല്ലപ്പൂ പായസം
പഴുത്ത പേരയ്ക്ക - 3 എണ്ണം
മുല്ലപ്പൂവ് - 8 എണ്ണം
ചൗവരി - 50 ഗ്രാം
തേങ്ങാപാല്‍ - ഒരു ലിറ്റര്‍
മില്ക്ക്മെയ്ഡ് - 50 ഗ്രാം
ഏലയ്ക്കാപൊടി - ഒരു നുള്ള്
കറുത്ത ഉണക്കമുന്തിരി - 20 എണ്ണം
കശുവണ്ടി - 2 ടീസ്പൂണ്‍
നെയ്യ് - 50 ഗ്രാം
പഞ്ചസാര - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചൗവരി വേവിച്ച് വയ്ക്കുക. പേരയ്ക്ക കഴുകി വൃത്തിയാക്കിയ ശേഷം ഗ്രേറ്റ് ചെയ്ത് എടുക്കുക. പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ നെയ്യൊഴിച്ച് ഉണക്കമുന്തിരി, കശുവണ്ടി വറുത്ത് കോരി വയ്ക്കുക. ഇതില്‍ പേരയ്ക്ക ചേര്‍ത്ത് വഴറ്റി വേവിക്കുക. ശേഷം വെന്ത ചൗവരി, പഞ്ചസാര, ഏലയ്ക്കാപൊടി ഇവയിട്ട് നന്നായി തിളപ്പിക്കുക. തിളച്ച് കുറുകിയ ശേഷം തീ അണയ്ക്കുക. ഇതിനു മുകളില്‍ മില്ക്ക്മെയ്ഡ് ഒഴിച്ച് വാങ്ങുക. വറുത്ത ഉണക്കമുന്തിരി, കശുവണ്ടി, മുല്ലപ്പൂവ് എന്നിവയിട്ട് അലങ്കിച്ച് ഉപയോഗിക്കാം.
6. അവല് നേന്ത്രപ്പഴം പ്രഥമന്‍
അവല് - 300 ഗ്രാം
ഏത്തപ്പഴം - ഒന്നര
നുറുക്കരി - 100 ഗ്രാം
ചൗവരി - 100 ഗ്രാം
തേങ്ങ - 2 എണ്ണം
ശര്‍ക്കര - അര കിലോ
ഏലയ്ക്ക, ചുക്ക്, ജീരകപ്പൊടി - അര ടീസ്പൂണ്‍
നെയ്യ് - 75 ഗ്രാം
കശുവണ്ടി - 25 ഗ്രാം
കിസ്മിസ് - 25 ഗ്രാം
തയാറാക്കുന്ന വിധം
്ഏത്തപ്പഴം പുഴുങ്ങി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. അരിയും ചൗവരിയും നന്നായി വേവിച്ച് എടുക്കുക. ശര്‍ക്കര ഉരുക്കിയെടുക്കുക. തേങ്ങ ചിരവി പിഴിഞ്ഞ് ഒന്ന്, രണ്ട് എന്നിങ്ങനെ പാലെടുത്ത് വയ്ക്കുക. അവല് വറുത്തെടുക്കാം. പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ നെയ്യൊഴിച്ച് കിസ്മിസ്, കശുവണ്ടി എന്നിവ വറുത്തു കോരി വയ്ക്കുക. ഈ നെയ്യിലേക്ക് അരിഞ്ഞുവച്ച ഏത്തപ്പഴം ചേര്‍ത്ത് വഴറ്റുക. ശേഷം വെന്ത അരി, ചൗവരി, ശര്‍ക്കര, അവല്, ഏലയ്ക്ക, ചുക്ക്, ജീരകപ്പൊടി എന്നിവയിട്ട് വഴറ്റിയെടുക്കാം. ഇതില്‍ രണ്ടാം പാല് ചേര്‍ത്ത് തിളപ്പിച്ച് കുറുക്കുക. ഒന്നാം പാലൊഴിച്ച് ഇളക്കി വാങ്ങാം. കിസ്മിസ്, കശുവണ്ടി എന്നിവയിട്ട് അലങ്കിച്ച് ഉപയോഗിക്കാം.
7. കരിക്ക് പായസം
ഇളം കരിക്ക് - 3 എണ്ണം
തേങ്ങ - ഒന്ന്
പാല് - അര ലിറ്റര്‍
പൊടിയരി - 50 ഗ്രാം
ചൗവരി - 50 ഗ്രാം
പഞ്ചസാര - ആവശ്യത്തിന്
ഉണക്കമുന്തിരി - 50 ഗ്രാം
ബദാം പൊടിച്ചത് - 50 ഗ്രാം
ഡാര്‍ക്ക് ചോക്ളേറ്റ് - 25 ഗ്രാം (ഗ്രേറ്റ് ചെയ്തത്)
നെയ്യ് - 75 ഗ്രാം
ഏലയ്ക്കെപാടി - അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം
കരിക്ക് മുറിച്ച് കാമ്പ് എടുത്ത് വയ്ക്കുക. തേങ്ങ ചിരവി ഒന്നാം പാലും രണ്ടാം പാലും എടുക്കുക. ചൗവരി, നുറുക്കരി രണ്ടാം പാലില്‍ വേവിക്കുക. കരിക്കിന്റെ കാമ്പ് ചതച്ചെടുക്കുക. പാന്‍ ചൂടാകുമ്പോള്‍ നെയ്യൊഴിച്ച് ഉണക്കമുന്തിരി, ബദാം ഇവ വറുത്ത് കോരുക. ഈ നെയ്യിലേക്ക് കരിക്ക് കാമ്പ് ഇട്ട് വഴറ്റുക. ശേഷം ഇതില്‍ പഞ്ചസാരയും വെന്ത നുറുക്കരി - ചൗവരി മിശ്രിതവും ഏലയ്ക്കപൊടിയും ചേര്‍ത്ത് തിളപ്പിക്കുക. തിളച്ചശേഷം ഒന്നാം പാലൊഴിച്ച് ഇളക്കി വാങ്ങുക. മുകളില്‍ വറുത്ത ബദാം, ഉണക്കമുന്തിരി ഗ്രേറ്റ് ചെയ്ത ചോക്ളേറ്റ് എന്നിവ വിതറി അലങ്കരിച്ച് ഉപയോഗിക്കാം.
മെര്ലിന് മാത്യു
കാരയ്ക്കാട്ട്, പാല