
പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനായി അച്ഛനൊപ്പമെത്തിയ 12 വയസ്സുകാരിയെ പോലീസ് തടഞ്ഞു. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി. പമ്പയില്‍ വച്ച് പെണ്‍കുട്ടിയെ തടഞ്ഞ വനിതാ പോലീസ് പിതാവിനെ സന്നിധാനത്തേയ്ക്ക് കടത്തി വിടുകയായിരുന്നു.
തമിഴ്നാട്ടിലെ ബേലൂരില്‍ നിന്നെത്തിയ സംഘത്തിനൊപ്പമാണ് പെണ്‍കുട്ടി ഉണ്ടായിരുന്നത്. കോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ 10 വയസ്സിന് മുകളിലും 50 വയസ്സിന് താഴെയുമുള്ള സ്ത്രീകളെ ശബരിമലയിലേയ്ക്ക് കയറ്റിവിടേവണ്ടെന്ന നിര്‍ദേശത്തെ തുടര്‍ന്ന് കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് ഭക്തരെ സന്നിധാനത്തേയ്ക്ക് കടത്തിവിടുന്നത്.
പോലീസ് തന്നെ പരിശോധന നടത്തി തിരിച്ചയയ്ക്കുന്നതിനാല് ഇക്കുറി പ്രതിഷേധം ഉണ്ടായിട്ടില്ല. ആന്ധ്രപ്രദേശില്‍ നിന്നെത്തിയ പത്തോളം യുവതികളെ കഴിഞ്ഞ ദിവസം പമ്പയില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു. ആചാരലംഘനം നടത്താന്‍ ശ്രമിച്ചാല്‍ തടയുമെന്ന് സംഘപരിവാര്‍ സംഘടനകളും അറിയിച്ചിരുന്നു.






