
2019 ഒക്ടോബർ മാസത്തിൽ എസ്-പ്രസ്സോയുടെ 10,634 യൂണിറ്റുകളാണ് വിറ്റു പോയതെന്ന് മാരുതി സുസുക്കി. കഴിഞ്ഞ മാസം മാരുതിയുടെ ശ്രേണിയിൽ നിന്ന് ഏറ്റവുമധികം വിൽപ്പന നടത്തിയ 10 മോഡലുകളുടെ പട്ടികയിൽ ഇടംപിടിക്കാനും എസ്-പ്രെസ്സോയ്ക്ക് സാധിച്ചു. പതിവുപോലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ആൾട്ടോ, സ്വിഫ്റ്റ്, ഡിസയർ തുടങ്ങിയ മോഡലുകളാണ് ഉള്ളത്.
ഇത് രണ്ടാം തവണയാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളുടെ പ്രതിമാസ വിൽപ്പന കണക്കുകളിൽ എസ്-പ്രെസ്സോ ഇടംപിടിക്കുന്നത്. 2019 സെപ്റ്റംബർ മാസത്തിലെ പട്ടികയിലും 5,000 യൂണിറ്റുകൾ വിറ്റഴിച്ച് എട്ടാം സ്ഥാനത്ത് എത്തിയിരുന്നു. ബിഎസ്-VI കംപ്ലയിന്റ് 1.0 ലിറ്റർ K10 പെട്രോൾ എഞ്ചിനാണ് വിപണിയിലെ ഏറ്റവും പുതിയ ബജറ്റ് കാറായ എസ്-പ്രെസ്സോ അവതരിപ്പിക്കുന്നത്. ഇത് വരും മാസങ്ങളിൽ മറ്റ് മാരുതി കാറുകളിലും ലഭിച്ചേക്കും. എസ്-പ്രെസ്സോയിലെ 1.0 ലിറ്റർ ബിഎസ്-VI പെട്രോൾ എഞ്ചിൻ 67 bhp കരുത്തിൽ 90 Nm ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 3.69 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് എൻട്രി ലെവൽ വിഭാഗത്തിൽ എസ്-പ്രെസ്സോയ്ക്ക് സ്വന്തമായൊരും സ്ഥാനം നേടിയെടുക്കാൻ സാധിച്ചെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് & സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. എസ്-പ്രെസ്സോയുടെ ഉപഭോക്താക്കളുടെ വിശ്വാസത്തിന് നന്ദി അറിയിക്കുന്നതായും വാഹനത്തിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും ശശാങ്ക് ശ്രീവാസ്തവ കൂട്ടിച്ചേർത്തു.






