
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു വൈദ്യുത സെഡാനുമായെത്തുന്നു. ഐ ഫോര്‍ എന്നാണ് ടെസ്ലയുടെ മോഡല്‍ ത്രീയെ നേരിടാന്ബിഎംഡബ്ല്യു ഇറക്കുന്ന ഈ വാഹനത്തിന്റെ പേര്. ഐ ഫോറിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. അടുത്ത നാലു വര്‍ഷത്തിനകം അഞ്ചു പുതിയ വൈദ്യുത മോഡലുകള്‍ അവതരിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ബിഎംഡബ്ല്യു വൈദ്യുത സെഡാനായ ഐ ഫോര്‍ വികസിപ്പിക്കുന്നത്.
പുതിയ കാറിന്റെ വില സംബന്ധിച്ച സൂചന ബിഎംഡബ്ല്യു നല്‍കിയിട്ടില്ല. ഐ ഫോര്‍ 2021-ല്‍ തന്നെ വില്‍പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. നിലവില്‍ ഹാച്ച്ബാക്കായ ഐ ത്രീ മാത്രമാണു ബിഎംഡബ്ല്യുവിന്റെ വൈദ്യുത വാഹന ശ്രേണിയായ ഐയില്‍ വില്‍പ്പനയ്ക്കുള്ളത്. മൊഡ്യുലര്‍ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കുന്ന ഈ വൈദ്യുത സെഡാന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 600 കിലോമീറ്റര്‍ ഓടാനാവുമെന്നാണു ബിഎംഡബ്ല്യുവിന്റെ കണക്ക്. വൈദ്യുത മോട്ടോര്‍ സഹിതം 80 കിലോവാട്ട് അവര്‍ ബാറ്ററി പായ്ക്കാണു കാറിനു കരുത്തേകുക. പരമാവധി 537 പി എസ് കരുത്താണ് ഈ സഖ്യം സൃഷ്ടിക്കുക.
നിശ്ചലാവസ്ഥയില്‍ നിന്നു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ ഐ ഫോറിന് വെറും നാലു സെക്കന്‍ഡ് മതിയെന്നാണു ബിഎംഡബ്ല്യുവിന്റെ അവകാശവാദം. ഐ ഫോറില്‍ ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യയും ബിഎംഡബ്ല്യു ലഭ്യമാക്കും. വെറും 35 മിനിറ്റിനുള്ളില്‍ കാറിലെ ബാറ്ററിയുടെ 80 ശതമാനത്തോളം ചാര്‍ജ് ചെയ്യാനുള്ള അവസരമാണു ലഭ്യമാക്കുക. 150 കിലോവാട്ട് ഡി സി ഫാസ്റ്റ് ചാര്ജിനൊപ്പമാവും ഈ സൗകര്യം ലഭിക്കുക.






