കുടുംബബന്ധങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ വളരെയധികം ഗൗരവകരമായ ഒരു വിഷയം പറയുന്ന ചിത്രമാണ് ആസിഫ് അലി നായകനായ കെട്ടിയോളാണ് എന്റെ മാലാഖ. നിലവിലെ കുടുംബ ബന്ധങ്ങളില്‍ സുപ്രധാനമായ ഒന്നാണ് ലൈംഗികത. നിസാരമാണെന്ന് കരുതിയാലും ഗുരുതരമായ വിഷയങ്ങളില്‍ ഒന്നാണിത്. ഇത്തരത്തില്‍ ഒരു സംഭവമാണ് തന്റെ ആദ്യ ചിത്രത്തിലൂടെ സംവിധായകന് നിസാം ബഷീര്‍ പറഞ്ഞു വയ്ക്കുന്നത്. മാരിറ്റല്‍ റേപ്പ് എന്ന ഗൗരവകരമായ വിഷയത്തെ കുടുംബബന്ധത്തിനുള്ളില്‍ നിന്ന് തന്നെ തുറന്നു കാട്ടുകയാണ് കെട്ടിയോളാണ് എന്റെ മാലാഖ എന്ന ഈ കൊച്ചു ചിത്രം.
ഇടുക്കിയിലെ മലയോര ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം. റബ്ബര്‍ ടാപ്പിംഗും കൃഷിയുമൊക്കെ ആയി നടക്കുന്ന സ്ലീവാച്ചന് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആസിഫ് അലി അവതരിപ്പിച്ചിരിക്കുന്നത്. കഠിനാധ്വാനിയായ സ്ലീവാച്ചന് എല്ലാവരോടും സ്നേഹവും കരുണയുമൊക്കെയുള്ള മനുഷ്യനാണ്. അമ്മയും നാല് പെങ്ങള്‍മാരുമാണ് സ്ലീവാച്ചന്റെ ലോകം.
സ്ലീവാച്ചന് ഒരു പെണ്ണു കെട്ടി കാണാനാണ് അമ്മയുടെയും പെങ്ങള്മാരുടെയും ആഗ്രഹം. മുപ്പത്തിയഞ്ച് വയസ്സു കഴിഞ്ഞിട്ടും സ്ലീവാച്ചന് വിവാഹം നടന്നിട്ടില്ല. ആ നാടും വീടുമല്ലാത്ത മറ്റൊരു ലോകം ശ്ലീവാച്ചന് കണ്ടിട്ടില്ല. മാത്രമല്ല മറ്റൊരു സ്ത്രീയോട് ഒരു അടുപ്പമോ മോശമായ പെരുമാറ്റമോ പോലും സ്ലീവാച്ചന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. എന്നാല്‍ അമ്മയുടെയും പെങ്ങമ്മാരുടെയും നിര്‍ബന്ധം സഹിക്കാനാവാതെ ഒടുവില്‍ സ്ലീവാച്ചന് വിവാഹം ചെയ്യുകയാണ്.
അമ്മയും നാല് പെങ്ങള്മാരുമുള്ള ലോകത്തേക്ക് ഭാര്യ എത്തുമ്പോള്‍ സ്ലീവാച്ചന് പല പ്രശ്നങ്ങളുമുണ്ടാവുകയാണ്. ഭാര്യയോട് സംസാരിക്കാന്‍ പോലും ഭയക്കുകയാണ് സ്ലീവാച്ചന്. വിവാഹ ബന്ധത്തെപ്പറ്റി യാതൊരു ധാരണയുമില്ലാത്ത ആളായ സ്ലീവാച്ചന് ഭാര്യയില്‍ നിന്നും ഒഴിഞ്ഞു മാറാനാണ് ശ്രമിക്കുന്നത്. ഇതാണ് പിന്നീട് സ്ലീവാച്ചന്റെയും ഭാര്യയായ റിന്‍സിയുടെയും ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. തുടര്‍ന്ന് ഉണ്ടാകുന്ന കാര്യങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
നാട്ടിന്‍പുറത്തുകാരനായ സ്ലീവാച്ചനായി ആസിഫ് അലി തകര്‍ത്തഭിനയിച്ചിരിക്കുകയാണ്. പരിഭ്രമവും ദാമ്പത്യ ജീവിതത്തിലെ അജ്ഞതയുമെല്ലാം താരം മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്ന് തന്നെയാണ് കെട്ടിയോളാണ് എന്റെ മാലാഖയിലെ സ്ലീവാച്ചന് എന്ന് അടിവരയിട്ട് പറയാം. രൂപത്തിലും ഭാവത്തിലുമെല്ലാം ആസിഫ് അലി സ്ലീവാച്ചനായി ജീവിക്കുകയായിരുന്നു. ചിത്രത്തില്‍ സ്ലീവാച്ചന്റെ ഭാര്യ റിന്‍സിയായി എത്തിയത് പുതുമുഖ നടി വീണ നന്ദകുമാര്‍ ആണ്. ഭര്‍ത്താവില്‍ നിന്നും തനിക്ക് നേരിടേണ്ടി വരുന്ന അസ്വഭാവിക പെരുമാറ്റങ്ങളോടുള്ള പ്രതികരണം മികച്ച രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ വീണയ്ക്കുമായി. ഒരു പുതുമുഖ താരം എന്ന് പ്രേക്ഷകര്‍ക്ക് ഒരിക്കലും തോന്നാത്ത വിധത്തിലായിരുന്നു നടിയുടെ പ്രകടനം.
തന്റെ ആദ്യ ചിത്രം നന്നായി അവതരിപ്പിക്കാന്‍ സംവിധായകന് നിസ്സാം ബഷീറിനായി. പലപ്പോഴും കുടുംബ ബന്ധങ്ങളിലെ ഈഗോയും സംശയ രോഗവും വിവാഹേതര ബന്ധങ്ങളും ചതിയുമെല്ലാം സിനിമകളായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു കഥ ഇതുവരെ മലയാള സിനിമ പ്രേക്ഷകര്‍ കണ്ടിരിക്കില്ല. മാത്രമല്ല വ്യത്യസ്തമായ ഒരു കഥ കുടുംബ ബന്ധങ്ങളെ കൂട്ട് പിടിച്ചാണ് സംവിധായകന് അവതരിപ്പിക്കുന്നത്. നിലവിലെ സാമൂഹിക ജീവിതത്തില്‍ സിനിമ പറയുന്ന കഥ വളരെ പ്രസക്തമാണ്.
ബാര്‍ബര്‍ ബോബിയായി വേഷമിട്ട മലയാളസിനിമയിലെ പഴയകാല താരം രവീന്ദ്രന്, സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായി വേഷമിട്ട മാലാ പാര്‍വതി എന്നിവരെല്ലാം ചെറിയ വേഷങ്ങളിലൂടെ തന്നെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാണ് പുറത്തെടുത്തത്. ബേസില്‍ ജോസഫ്, ജാഫര്‍ ഇടുക്കി, ഡോ. റോണി ഡേവിഡ് എന്നിവരും ചിത്രത്തിലുണ്ട്. രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വില്യം ഫ്രാന്‍സീസ് ഈണം നല്കിയ രണ്ട് ഗാനങ്ങളും ശ്രദ്ധേയമാണ്. അജി പീറ്റര്‍ തങ്കച്ചനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷ് എസിന്റെ ഛായാഗ്രഹണം ഗ്രാമീണതയുടെ സൗന്ദര്യം വരച്ചുകാട്ടുന്നുണ്ട്.
കാലിക പ്രസക്തിയുള്ള കണ്ണീരും ചിരിയും ഒക്കെ നിറഞ്ഞ ചിത്രമാണ് കെട്ടിയോളാണ് എന്റെ മാലാഖ . ഒരു ദാമ്പത്യ ജീവിതം മനോഹരമാകുന്നത് ഇരുവരും പരസ്പരം മനസ്സിലാക്കി തുറന്ന് സംസാരിക്കുന്നിടത്താണെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു.