
ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങിനിന്ന താരങ്ങളിലൊരാളായിരുന്നു റഹ്മാന്. രോഹിണി, ശോഭന, നദിയ മൊയ്തു തുടങ്ങിയ നായികമാര്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ഈ താരത്തിന് ലഭിച്ചിരുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയെ സജീവമാക്കിയതും ഇവര്‍ തന്നെയായിരുന്നു. 'കൂടെവിടെ' എന്ന ചിത്രത്തില്‍ തുടങ്ങി പിന്നീട് മലയാളത്തിലെ മുന്‍നിര നായകനായി. തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കും കടന്ന റഹ്മാന് ഇപ്പോഴും അഭിനയത്തില്‍ സജീവമായി തന്നെ തുടരുന്നു.
തന്റെ മുന്‍കാല നായികമാരായ നദിയ മൊയ്തു, അംബിക, രാധ,രാധിക, മേനക, സുമലത, സ്വപ്ന, ഖുശ്ബു, സരിത എന്നിവര്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങളാണ് റഹ്മാന് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഈയടുത്ത് ഹൈദരാബാദില്‍ തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ വീട്ടില്‍ നടന്ന എണ്‍പതുകളുടെ താരങ്ങളുടെ ഒത്തുചേരലില്‍ നിന്നുള്ള ചിത്രങ്ങളാണവ.
1980 കളിലെ താരങ്ങളുടെ കൂട്ടായ്മയാണ് ക്ലാസ് ഓഫ് 80. സുഹാസിനിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഈ കൂട്ടായ്മ എല്ലാ വര്‍ഷവും ഒത്തുകൂടാറുണ്ട്. ഓരോ സംഗമത്തിലും ഡ്രസ്സ് കോഡ് ഉണ്ടാവാറുണ്ട്. ഇത്തവണ കറുപ്പായിരുന്നു ഡ്രസ്സ് കോഡ്.






