
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന് ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും പേളി ആരാധകര്‍ക്കായി പങ്കിടാറുണ്ട്. വിവാഹശേഷം ഇരുവരും തങ്ങളുടെ ജോലി തിരക്കുകളിലാണ്. ഇപ്പോള്‍ ജോലി തിരക്കിനിടയില്‍ പരസ്പരം കാണാന്‍ കഴിയാത്തതിന്റെ വിഷമം പങ്കുവെയ്ക്കുകയാണ് പേളി.
തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പേളി ആരാധകരുമായി തന്റെ വിഷമം പങ്കുവെച്ചത്. 13 ദിവസത്തിന് ശേഷം ശ്രീനി ഇന്ന് തിരിച്ചെത്തി, ഞാന്‍ 13 ദിവസത്തെ ഷൂട്ടിനായി ഇന്ന് മുംബൈയിലേക്കു പോവുന്നു. പക്ഷേ ഒന്നിച്ച് ചെലവഴിക്കുന്ന നിമിഷങ്ങള്‍ക്ക് ഞങ്ങളേറെ നന്ദിയുള്ളവരാണ്, ആ സമയങ്ങളാണ് ഏറ്റവും മികച്ചത്. ആ നിമിഷങ്ങള്‍ ഞങ്ങള്‍ അവിസ്മരണീയമാക്കുന്നു. കൂടാതെ ടെലിഫോണ്‍ കണ്ടുപിടിച്ച ഗ്രഹാംബെല്ലിന് പേളി നന്ദിയും പറയുന്നുണ്ട്.
സീ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന 'സത്യ എന്ന പെണ്‍കുട്ടി' എന്ന സീരിയലിലാണ് ശ്രീനിഷ് ഇപ്പോള്‍ അഭിനയിക്കുന്നത്. തന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ തിരക്കിലാണ് പേളി മാണി. അനുരാഗ് ബസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിഷേക് ബച്ചനും ആദിത്യറോയ് കപൂറുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






