
ബിഎസ് 6 പാലിക്കുന്ന ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് വിപണിയില്‍ അവതരിപ്പിച്ചു. ജൂപ്പിറ്റര്‍ സ്കൂട്ടര്‍ നിരയില്‍ ബിഎസ് 6 പാലിക്കുന്ന ആദ്യ മോഡലാണ് ജൂപ്പിറ്റര്‍ ക്ലാസിക്. 67,911 രൂപയാണ് ഡെല്‍ഹി എക്സ് ഷോറൂം വില. സ്കൂട്ടറില്‍ ഇടി-എഫ്ഐ (ഇക്കോ ത്രസ്റ്റ് ഫ്യൂവല്‍ ഇന്ജെക്ഷന്) സാങ്കേതികവിദ്യ നല്‍കിയതായി ടിവിഎസ് അറിയിച്ചു. ഇടി-എഫ്ഐ ടെക്നോളജി ഉൾപ്പെടുത്തിയതോടെ ബിഎസ് 6 പാലിക്കുന്ന 110 സിസി സ്കൂട്ടര്‍ മെച്ചപ്പെട്ട പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുമെന്ന് ടിവിഎസ് അവകാശപ്പെട്ടു.
മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകള്‍ സസ്പെന്ഷന് നിര്‍വഹിക്കും. എന്നാല്‍ പിറകില്‍ പ്രത്യേകം ക്രമീകരിക്കാവുന്ന ഷോക്ക് അബ്സോര്‍ബറുകള്‍ നല്കി പരിഷ്കരിച്ചു. സ്റ്റാന്‍ഡേഡായി 130 എംഎം ഡ്രം ബ്രേക്കുകള്‍ നല്കിയിരിക്കുന്നു. എന്നാല്‍ മുന്നില്‍ ഡിസ്ക് ബ്രേക്ക് ഓപ്ഷണലായി ലഭിക്കും. യുഎസ്ബി ചാര്‍ജര്‍, മൊബീല്‍ ഫോണ്‍ സൂക്ഷിക്കുന്നതിന് മുന്നില്‍ പ്രത്യേക ഇടം, പുതിയ ടിന്റഡ് വൈസര്‍ എന്നിവയോടെയാണ് ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് വരുന്നത്.
സ്റ്റാന്‍ഡേഡ്, ഇസഡ്എക്സ് (ഡിസ്ക് & ഡ്രം), ക്ലാസിക്, ഗ്രാന്‍ഡേ എന്നീ വേരിയന്റുകളിലാണ് ടിവിഎസ് ജൂപ്പിറ്റര്‍ ലഭിക്കുന്നത്. ബിഎസ് 6 പാലിക്കുന്ന ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് സ്കൂട്ടറിന് നിലവിലെ അതേ 110 സിസി എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,500 ആര്‍പിഎമ്മില്‍ 7.9 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 8 എന്‍എം ടോര്‍ക്കും നൽകും. എന്‍ജിനുമായി സിവിടി (കണ്ടിനുവസ്ലി വേരിയബിള്‍ ട്രാന്സ്മിഷന്) ചേര്‍ത്തുവെച്ചു. ടിവിഎസ് പാറ്റന്റ് നേടിയ 'ഇക്കണോമീറ്റര്‍' സ്കൂട്ടറിന്റെ സവിശേഷതയാണ്.






