
പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് ഷാനിമോള്‍ ഉസ്മാന് എം.എല്‍.എ തെളിയിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് കേരളത്തിലെ മുതിര്‍ന്ന വനിതാ രാഷ്ട്രീയ പ്രവര്‍ത്തകരിലൊരാളായ ഷാനിമോള്‍ ഉസ്മാന് അരൂരുകാരുടെ പ്രിയപ്പെട്ട സാരഥിയായി. പരാജയങ്ങളില്‍ നിന്ന് വിജയം കൊയ്ത അരൂര്‍ എം.എല്‍.എയുടെ രാഷ്ട്രീയ, കുടുംബ വിശേഷങ്ങള്‍.
ഹൃദയം തൊട്ട നിമിഷം
സത്യപ്രതിഞ്ജാവേളയില് അരൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കാനുള്ള ഭാഗ്യം ലഭിച്ചതിലുള്ള ചാരിതാര്‍ഥ്യമുണ്ടായിരുന്നു. അവിടുത്തെ ജനങ്ങളോടുള്ള എന്റെ കടമ ഏറ്റവും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന പ്രാര്‍ത്ഥനയാണിപ്പോള്‍ മനസില്‍.
അരൂരിലെ ജനങ്ങള്‍ പ്രതീക്ഷയോടെയാണെന്നെ തെരഞ്ഞെടുത്തിരിക്കുന്നത്. അവരുടെ സുഖത്തിലും ദുഖത്തിലും പങ്കാളിയായി, അരൂരിന്റെ സമ്പൂര്‍ണ്ണമായ വികസനത്തിന് വേണ്ടി നിലകൊള്ളുക എന്നതാണ് ഇനി എന്റെ ലക്ഷ്യം.
അരൂരിന്റെ പിന്തുണ
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും അരൂരിലെ ജനങ്ങള്‍ക്ക് എന്നോടൊരു പ്രത്യേക ആഭിമുഖ്യമുള്ളതുപോലെ തോന്നിയിരുന്നു. ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ ആ സ്നേഹം പതിന്മടങ്ങ് വര്‍ധിച്ചു. അവരെല്ലാം കുടുംബത്തിനെ അംഗത്തെപ്പോലെയാണ് എന്നെ കണ്ടത്.
പലതവണ പരാജയപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പില്‍ സീറ്റിന് അര്‍ഹരായവരുണ്ടെങ്കില്‍ പോലും ഞാന്‍ വിശ്വസിച്ച പ്രസ്ഥാനം എനിക്ക് സീറ്റ് തന്നിട്ടുണ്ട്. എല്ലാക്കാലത്തും പദവിയും സ്ഥാനവും നല്കി എന്നെ ഒപ്പം നിര്‍ത്തി.
ആ പാര്‍ട്ടിയോടും ജനങ്ങളോടുമുള്ള കൂറും കടപ്പാടും എക്കാലത്തും പ്രധാനപ്പെട്ടതാണ്. ഇപ്പോള്‍ എന്നില്‍ വന്നുചേര്‍ന്ന വലിയ ഉത്തരവാദിത്തവും ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും സമ്മാനമാണ്. ആരുമറിയാത്ത ഒരാളായി ജീവിക്കുമായിരുന്ന എന്നെ എം.എല്‍.എ ആക്കിയ പ്രസ്ഥനമാണ് ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം.

മുമ്പുണ്ടായ തോല്‍വികള്‍
തോല്‍വികളെല്ലാം ദൈവ നിയോഗകമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പാ ര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ വലിയ വിഷമമായി. പല മേഖലകളില്‍ നിന്നുള്ള ഒരുപാട് പേര് ആശ്വസിപ്പിക്കാനെത്തി. ഞാന്‍ പ്രതീക്ഷിക്കാത്ത മേഖലകളില്‍ നിന്ന് പോലും കിട്ടിയ പിന്തുണ, അതാണെന്നെ പിടിച്ചു നിര്‍ത്തിയത്.
വിജയപരാജയങ്ങളെ വ്യക്തിപരമായി കണക്കാക്കുന്ന ആളല്ല ഞാന്‍. എന്നെ വിശ്വസിച്ച പ്രവര്‍ത്തകരുടെയും അവരുടെ കുടുംബങ്ങളുടെയും പ്രവര്‍ത്തനങ്ങളാണ് എന്നെ വിജയത്തിലേക്ക് നടത്തിച്ചത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടക്കം
കെ.എസ്.യു കലാലയ സമാധാനത്തിന് വേണ്ടിയുള്ള പ്രസ്ഥാനമാണെന്നുള്ള തോന്നല്‍ ചെറുപ്പം മുതലേ ഉണ്ടായിരുന്നു. ആലപ്പുഴ എസ്.ബി കോളജിലാണ് ഡിഗ്രി ചെയ്തത്.
കെ.എസ്.യുവിന് വേരുള്ള കലാലയമായിരുന്നു. കെ.എസ്.യുവിലൂടെയാണ് ഞാന്‍ രാഷ്ട്രീയത്തിലെത്തുന്നത്. അന്നുമുതല്‍ എനിക്ക് കിട്ടിയ പ്രോത്സാഹനമാണ് രാഷ്ട്രീയമാണ് എന്റെ മേഖല എന്ന് ഉറപ്പിക്കാന്‍ കാരണം.
ഇന്നുവരെ എന്നെ മുന്നോട്ട് നയിച്ചത് സ്ഥിരോത്സാഹമാണ്. പൊതുപ്രവര്‍ത്തനത്തില്‍ ഏറ്റവും ആവശ്യമായ ഘടകങ്ങളിലൊന്നാണത്. ജീവിതത്തില്‍ പലപ്പോഴും ഏറ്റക്കുറച്ചിലുകളുണ്ടാകും അത് മറികടന്ന് മുന്നോട്ട് പോകാന്‍ ഉത്സാഹം കൂടിയേ തീരൂ.
എതിര്‍പ്പുകളില്ലാത്ത മുന്നേറ്റം
വളരെ കുറച്ചു സ്ത്രീകളും പെണ്‍കുട്ടികളും രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്ന കാലഘട്ടത്തിലാണ് ഞാന്‍ രാഷ്ട്രീയത്തിലെത്തുന്നത്. വളരെ ചെറുപ്പത്തിലെത്തിയതുകൊണ്ടാവാം സ്ത്രീയെന്ന നിലയില്‍ ഒരിക്കലുമെന്നെ മാറ്റി നിര്‍ത്തിയിട്ടില്ല.
കുടുംബത്തില്‍ നിന്ന് കിട്ടിയ പിന്തുണ ചുറ്റുമുള്ളവരും സമൂഹവുമൊക്കെ ഏറ്റെടുത്തതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല.
സ്ത്രീ സുരക്ഷ
മൂന്ന് പതിറ്റാണ്ടിലേറെയായി പൊതുപ്രവര്‍ത്തനരംഗത്ത് നില്ക്കുന്ന ആളെന്ന നിലയില്‍ സമൂഹത്തില്‍ നടക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് പഠിക്കാനും അതിലിടപെടാനും ഞാനെന്നും ശ്രമിച്ചിട്ടുണ്ട്.
ഇപ്പോള്‍ നിയമസഭാംഗമായി തെരഞ്ഞെടുത്തപ്പോള്‍ എന്റെ ഉത്തരവാദിത്തങ്ങളും കൂടി. അതുകൊണ്ടുതന്നെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുറേക്കൂടി ശക്തമായി അധികാര കേന്ദ്രങ്ങളെ അറിയിക്കാന്‍ ഞാന്‍ ശ്രമിക്കും.
സ്ത്രീ സുരുക്ഷയെക്കുറിച്ച് ആശങ്കയുണര്‍ത്തുന്ന സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. വാളയാറില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങളാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ആ വീട്ടില്‍ ഞാന്‍ പോയിട്ടുണ്ടായിരുന്നു.
ഒരമ്മ പ്രസവിച്ച രണ്ട് മക്കളാണ് 54 ദിവസത്തിനിടയില്‍ ഒരേ സാഹചര്യത്തില്‍ മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ആ കുഞ്ഞുങ്ങള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടെന്ന വിവരം പുറത്തു വന്നു.
കേരളത്തിലെ രക്ഷിതാക്കളുടെ ഇടയില്‍ വല്ലാത്ത ഭയമുണ്ടാക്കുന്ന കാലമാണിത്. ഇത്തരം കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. പോലീസ് സ്വതന്ത്രമായി അന്വേഷിക്കണം. പ്രതികള്‍ളെ രാഷ്ട്രീയമായി സംരക്ഷിക്കുന്ന നിലപാടെടുക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നു. പ്രതികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നവരെ സമരം തുടരും.
വേണം മോചനം
ഇന്നും സ്ത്രീ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് സാമ്പത്തിക സ്വാശ്രയത്വം ഇല്ലായ്മ. ജീവിതം സുരക്ഷിതമാക്കുന്നതില്‍ പ്രധാന ഘടകമാണ് പണം. കൈയില്‍ പണമുണ്ടാവണം, അതൊരു ആത്മവിശ്വാസമാണ്. ഭര്‍ത്താവിന്റെ ശമ്പളം കൊണ്ട് മാത്രം ഒരു കുടുംബം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകില്ല.
സ്ത്രീകള്‍ക്ക് ജോലി ചെയ്യാനുള്ള പദ്ധതികള്‍ കൊണ്ടുവന്ന് അവര്‍ക്ക് സാമ്പത്തിക സ്വാശ്രയത്വമുണ്ടാക്കണം. ഇന്നത്തെ സ്ത്രീകള്‍ക്കായി ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമതാണ്.
ഉത്തരവാദിത്തം
ഒന്നര വര്‍ഷത്തെ കാലയളവേ എന്റെ മുമ്പിലുള്ളൂ. ആ കാലയളവില്‍ ചെയ്തു തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അരൂരില്‍ അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഒരുപാട് ജനങ്ങളുണ്ട്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം. പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിന് വിവിധ ഏജന്‍സികളെ കൂട്ടിയോജിപ്പിച്ച് സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.
കരുത്തായ് കുടുംബം
പൊതുപ്രവര്‍ത്തന രംഗത്തെത്തിയത് മുതല്‍ എനിക്ക് കരുത്തായ് കുടുംബമുണ്ട്. ഒരു സാധാരണ കുടുംബമാണെന്റേത്. മൂന്ന് സഹോദരിമാരാണ്. കഷ്ടപ്പാടുകള്‍ക്കിടയിലും ബാപ്പയും ഉമ്മയും ഞങ്ങള്‍ക്ക് വിദ്യാഭ്യാസം നല്കി, പൊതുപ്രവര്‍ത്തന രംഗത്ത് നില്‍ക്കാനുള്ള പിന്തുണ നല്കി.
ബാപ്പയ്ക്കും ഉമ്മയ്ക്കും പ്രായത്തിന്റേതായ അവശതകളുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ജനങ്ങളെ കാണാനെത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തിലൊരാളായി ബാപ്പയുമുണ്ടായിരുന്നു. കുറേ ദൂരം യാത്ര ചെയ്ത് ബാപ്പ എന്നെ കാണാന്‍ എത്തി. അതൊക്കെ വികാരപരമായേ ഓര്‍ക്കാന്‍ കഴിയൂ.
ഭര്‍ത്താവിന്റെയും മകളുടെയും മകന്റേയും മരുമകന്റേയുമൊക്കെ പിന്തുണ ഒപ്പമുണ്ട്. മകള്‍ക്കിപ്പോള്‍ ഒരു കുഞ്ഞുണ്ട്. മുത്തശിയായശേഷം മറ്റ് ബന്ധങ്ങളേക്കാള്‍ കുഞ്ഞുമായി സമയം ചെലവിടാന്‍ തോന്നും. ഈ തിരക്കുകള്‍ക്കിടയില്‍ കുഞ്ഞിനെയാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്.
എന്റെ തിരക്കുകളൊക്കെ മക്കള്‍ക്ക് ശീലമാണ്. പൊതുപ്രവര്ത്തകയായതുകൊണ്ട് എപ്പോഴും വീട്ടിലുണ്ടാവുന്ന ആളല്ല ഞാന്‍. എന്നാലിപ്പോള്‍ കുഞ്ഞിനെ താലോലിക്കാന്‍ സമയം കിട്ടുന്നില്ലെന്നതാണ് ഏറ്റവും വലിയ വിഷമം.
അശ്വതി അശോക്