
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം മിതാലി രാജിന്റെ ജീവിതം സിനിമയാക്കുന്നു. 'സബാഷ് മിതു' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മിതാലിയായി എത്തുന്നത് തപ്സി പന്നുവാണ്. രാഹുല്‍ ധൊലാക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിതാലിയുടെ 37-ാം പിറന്നാളിനോടനുബന്ധിച്ച് തപ്സി തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചത്. മിതാലിയും തപ്സിയും ചേര്‍ന്ന് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും തപ്സി പങ്കുവച്ചിട്ടുണ്ട്.
മിതാലിയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നത് ഒരു അംഗീകാരമാണെന്ന് തപ്സി പറയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ്താരം എന്ന നേട്ടം മിതാലി സ്വന്തമാക്കിയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരം കൂടിയാണ് മിതാലി. ട്വന്റി ട്വന്റിയില്‍ നിന്നും വിരമിച്ച മിതാലി ഏകദിനത്തില്‍ കളിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിനെ നയിക്കുന്നതും മിതാലിയാണ്. 209 ഏകദിനത്തില്‍ മിതാലി 50.64 ശരാശരിയില്‍ 6888 റണ്‍സ് നേടിയിട്ടുണ്ട്.