
നമ്മുടെ പുരാണഗ്രന്ഥങ്ങള്‍ അറിവിന്റെ അക്ഷയഖനികള്‍ ആണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ശാസ്ത്രം പില്ക്കാലത്ത് മറനീക്കിയെടുത്ത എത്രയോ ആശയങ്ങള്‍ അതിന് വളരെ മുമ്പ് തന്നെ ഈ ഗ്രന്ഥങ്ങളില്‍ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്നത്തെക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പല അരാജകത്വങ്ങള്‍ക്കും കാരണം പുതുതലമുറ ഈ ഗ്രന്ഥങ്ങള്‍ സൂക്ഷ്മമായി പഠിക്കുവാനോ, അറിയുവാനോ താല്പര്യം കാണിക്കുന്നില്ല എന്നതിലാണ്. എല്ലാ മഹത്ഗ്രന്ഥങ്ങളുടെയും പ്രസക്തിയെപ്പറ്റിയുള്ള വിവരണം ഒരു ലേഖനത്തില്‍ ഒതുക്കുക വളരെ ശ്രമകരമായ ഒരു ജോലിയാകുമെന്നതിനാല്‍, ഭഗവത്ഗീതയില്‍ അനാവരണം ചെയ്യപ്പെട്ടിട്ടുള്ള ചില തത്വങ്ങള്‍ ഇന്നത്തെ കാലഘട്ടത്തില്‍ എത്രത്തോളം പ്രാവര്‍ത്തികമാക്കാമെന്ന് നമുക്കൊന്ന് അവലോകനം ചെയ്തു നോക്കാം.
ഇന്നത്തെ വാണിജ്യരംഗത്തെ പുത്തന്‍ ആശയമായ ആഗോളവത്ക്കരണം തന്നെയല്ലേ നാം ഉദ്ഘോഷിച്ചിരുന്ന 'ലോകമേ തറവാട്' എന്ന മഹത്തായ തത്വം. സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി നാം പഠിക്കുന്ന പല തത്വങ്ങളുടേയും നിയമങ്ങളുടേയും നേര്‍ക്കാഴ്ച ഗീതയില്‍ കാണാവുന്നതാണ്.
മാനേജ്മെന്റ് സയന്‍സിന്റെ ഭാഗമായ എല്ലാ പ്രധാന തത്വങ്ങളും (ആസൂത്രണം, നിയന്ത്രണം, ആശയ വിനിമയം, തീരുമാനങ്ങളെടുക്കല്‍) എല്ലാം ഈ കൃതിയില്‍ എങ്ങനെ ചെയ്യണമെന്ന് വ്യക്തമായി കാണിച്ചു തരുന്നുണ്ട്. അടുത്തകാലത്തായി ഗീതയും ആധുനിക മാനേജ്മെന്റ് തത്വങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള നിരവധി ഗ്രന്ഥങ്ങള്‍ പുറത്തുവരികയുണ്ടായി. വിദേശ സര്‍വകലാശാലകള്‍ പലതിലും ഭഗവത്ഗീത ഒരു പാഠ്യവിഷയമായി ഉള്‍പ്പെടുത്തുകയും ചെയ്തു.
''മുറ്റത്തെ മുല്ലയ്ക്ക് മണമില്ല'' എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുംവിധം ഭാരതീയര്‍ ഈ ഗ്രന്ഥത്തിന്റെ മഹത്വം ശരിയായി മനസ്സിലാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണ്. ധനം, അസംകൃത വസ്തുക്കള്‍, മറ്റ് സൗകര്യങ്ങള്‍ ധാരാളം ഉണ്ടായതുകൊണ്ട് മാത്രം ഏതൊരു സംരംഭവും വിജയത്തില്‍ കശാലിക്കുകയില്ലെന്നും, പരിമിതമായ സൗകര്യങ്ങളെ വേണ്ട രീതിയില്‍ പരമാവധി ഉപയോഗിച്ചാല്‍ വിജയം സുനിശ്ചിതമാണെന്നും ഗീതാപഠനം നമ്മെ കാണിച്ചുതരുന്നു.
വളരെയധികം ആയുധബലവും, ആള് ബലവുമുള്ള കൗരവരെ വളരെ പരിമിതമായ ആയുധ, സൈന്യബലംകൊണ്ട് പരാജയപ്പെടുത്തി ഒരു മഹായുദ്ധം ശരിയായ ആസൂത്രണത്തിലൂടെ വിജയിപ്പിച്ച ശ്രീകൃഷ്ണ ഭഗവാനാണ് എക്കാലത്തെയും മികച്ച മാനേജ്മെന്റ് ഗുരു.
ആസൂത്രണം അഥവാ ശരിയായ പ്ലാനിംഗാണ് ഏതൊരു സംരംഭത്തെയും വിജയത്തിലേക്ക് നയിക്കുന്നത്. അസംസ്കൃത സാധനങ്ങള്‍ ശരിയായ ആസൂത്രണത്തിലൂടെ ഒരു ഉത്പന്നമാക്കി മാറ്റുന്നതാണല്ലോ നാം ഇന്ന് പഠിക്കുന്ന മാനേജ്മെന്റ് സയന്‍സ്.
നമ്മുടെ ന്യൂനതകള്‍ അഥവാ കുറവുകള്‍ മനസ്സിലാക്കി, പരിമിതമായ വസ്തുക്കള്‍ ഫലപ്രദമായി വിനിയോഗിച്ച് ലാഭം നേടുന്ന പഠനശാഖ ഇന്ന് വളരെ പ്രചാരം നേടിക്കഴിഞ്ഞു. ഇപ്രകാരം കലാലയങ്ങളില്‍ വിവിധ പേരുകളില്‍ നാം പഠിക്കുന്ന പല പഠനശാഖകളുടെയും കാതലായ ആശയങ്ങള്‍ വളരെ നാളുകള്‍ക്കു മുമ്പേ ഭഗവത് ഗീതയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന് കാണാവുന്നതാണ്.
ഇന്ന് 'ഓപ്പറേഷന്‍സ് റിസേര്‍ച്ച്', 'ഒപ്റ്റിമൈസേഷന്‍ ടെക്നിക്സ്' തുടങ്ങിയ പുതിയ പേരുകളില്‍ ഇവ അറിയപ്പെടുന്നുവെന്ന് മാത്രം. ഉത്പാദനക്ഷമത, സ്വഭാവരൂപീകരണം, ആശയവിനിമയം, നേതൃത്വഗുണങ്ങള്‍, ആരോഗ്യസംരക്ഷണം, ആഗോളവത്ക്കരണം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യ പരിഷ്ക്കരണം എന്നിങ്ങനെ കാലിക പ്രാധാന്യമുള്ള എല്ലാ മേഖലകളെപ്പറ്റിയുമുള്ള സമഗ്രവീക്ഷണം ഭഗവത്ഗീതയില്‍ പല അദ്ധ്യായങ്ങളിലായി പ്രതിപാദിച്ചിട്ടുണ്ട്. ആപത്ഘട്ടങ്ങളില്‍ ഒട്ടും പതറാതെ എങ്ങനെ ഏറ്റവും അനുകൂലവും, ഗുണകരവുമായ തീരുമാനങ്ങള്‍ എടുക്കാമെന്ന് ഭഗവാന് ഗീതയിലൂടെ നമുക്ക് കാണിച്ചു തരുന്നു.
''കര്‍മ്മം ചെയ്യുക നമ്മുടെ ലക്ഷ്യം'' എന്ന് പറയുമ്പോള്‍ മാനേജ്മെന്റ് സയന്‍സിലെ അടിസ്ഥാന തത്വങ്ങളിലൊന്നിനെപ്പറ്റിയാണ് ഈ വാക്യത്തിലൂടെ പ്രതിപാദിക്കുന്നതെന്ന് കാണാവുന്നതാണ്.ജീവിതവിജയത്തിന് അത്യന്താപേക്ഷിതമായ പല കാര്യങ്ങളും ഭഗവത്ഗീതയില്‍ പ്രതിപാദിക്കുന്നുണ്ട്.
'അര്‍ജ്ജുന വിഷാദയോഗം' എന്ന് ഗീതയില്‍ പറയുന്ന കാര്യത്തിന് എല്ലാക്കാലത്തും പ്രസക്തിയുണ്ട്. എല്ലാ മനുഷ്യരിലും തങ്ങളെ പിന്നിലേക്ക് വലിക്കുന്ന ഒരു ആത്മസംഘര്‍ഷമുണ്ട്. സാഹചര്യങ്ങളുടെ അടിമകളായ മനുഷ്യര്‍ പലപ്പോഴും കര്മ്മങ്ങളില്നിന്ന് പിന്തിരിയാറുണ്ട്.
അങ്ങനെയുള്ള അവസരങ്ങളില്‍ വിജയം നമ്മെ കൈവിടുന്നു. ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ അഭിമുഖീകരിക്കാമെന്ന് ഭഗവത്ഗീത നമുക്ക് കാട്ടിത്തരുന്നു. കര്‍മ്മകാണ്ഡത്തില്‍ കൃത്യതയോടെ കര്‍മ്മം ചെയ്യേണ്ടതിന്റെ ആവശ്യകതയും, അതിനുള്ള വഴികളും വിവരിക്കുന്നു. ഇത് ഇന്നത്തെ മാനേജ്മെന്റ് പുസ്തകങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ്.
വ്യക്തിത്വ വികസനം (ഹ്യൂമന്‍ റിസോഴ്സ്), തീരുമാനങ്ങളെടുക്കല്‍ (ഡിസിഷന്‍ മെയ്ക്കിംഗ്) ഇപ്രകാരം പുതിയ പേരുകളിലാണെന്ന് മാത്രം. വായിക്കും തോറും പുതിയ പുതിയ അര്‍ത്ഥ തലങ്ങളിലേക്ക് നമ്മുടെ ചിന്തകളേയും, പ്രവൃത്തികളേയും ഉദ്ദീപിപ്പിക്കാന്‍ കഴിവുള്ള മറ്റൊരു ഗ്രന്ഥമുണ്ടോയെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇങ്ങനെ നോക്കുമ്പോള്‍ ഇനിയെങ്കിലും ഭഗവത്ഗീതയുടെ മഹത്വം മനസ്സിലാക്കി അറിവിന്റെ അക്ഷയഖനിയായ ഈ ഗ്രന്ഥത്തെ യുവ തലമുറ അര്‍പ്പണ ബോധത്തോടെ അറിയാനും, ഉള്‍ക്കൊള്ളാനും ശ്രമിക്കേണ്ടതാണ്.
യുവതലമുറ ഇന്ന് അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് (തൊഴില്‍പരമായും, സാമൂഹ്യപരമായും) ഭഗവത്ഗീതയുമായുള്ള പരിചയപ്പെടല്‍ ഒരു പരിഹാരമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം. അതുവഴി കൂടുതല്‍ യുവതീയുവാക്കള്‍ കരുത്തും, ഊര്‍ജ്ജവും ഉള്‍ക്കൊണ്ട് കര്‍മ്മ നിരതരായി അവരവരുടെ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുമെന്ന് ആശിക്കാം.
ഡോ. രാജീവ് എന്‍.
(അസോസിയേറ്റ് പ്രൊഫസര്‍)
ഫോണ്‍: 9633694538






