
തൃശ്ശൂര്‍: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെ പോലീസ് ചോദ്യം ചെയ്യുന്നു. തൃശൂര്‍ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. മഞ്ജുവിന്റെ പരാതിയുമായി ബന്ധപ്പെട്ട് നവംബര്‍ 28ന് ശ്രീകുമാര്‍ മേനോന്റെ പാലക്കാട്ടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.
ശ്രീകുമാര്‍ മേനോനില്‍ നിന്ന് വധ ഭീഷണിയും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്കിയ ലെറ്റര്‍ ഹെഡും മറ്റു ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നുമായിരുന്നു മഞ്ജുവിന്റെ പരാതി. കേസില്‍ മഞ്ജുവിന്റെ രഹസ്യ മൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്.
പരാതിയില്‍ മഞ്ജു വാര്യരുടേയും ഒടിയന് സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍ സജി, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടേയും മൊഴി ക്രൈം ബ്രാഞ്ച് നേരത്തേ രേഖപ്പെടുത്തിയിരുന്നു.






