ന്യൂഡല്‍ഹി: വാഹന വിപണിയിലെ പ്രതിസന്ധി കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷം ഉന്നയിക്കുന്ന വാദമാണെന്ന് ബി.ജെ.പി എം.പി വീരേന്ദ്ര സിംഗ് മസ്ത്. വാഹനവിപണിയില്‍ മാന്ദ്യമുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ട്രാഫിക് ജാം ഉണ്ടാകുന്നതെന്ന് വീരേന്ദ്ര സിംഗ് ചോദിച്ചു. രാജ്യത്തെ നിരത്തുകളിലെ ട്രാഫിക് ജാം സൂചിപ്പിക്കുന്നത് വാഹന വിപണി വളര്‍ച്ചയിലാണെന്നാണ്. വാഹന വിപണിയില്‍ മാന്ദ്യമുണ്ടെന്ന വാദം സര്‍ക്കാരിനെ താറടിക്കാന്‍ പ്രതിപക്ഷം ഉന്നയിക്കുന്നതാണെന്നും ലോക്സഭാ ചര്‍ച്ചയില്‍ എം.പി പറഞ്ഞു.
രാജ്യത്തെ വാഹന വിപണി പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കെയാണ് വിചിത്രമായ ന്യായവാദവുമായി ബി.ജെ.പി എം.പി രംഗത്ത് വന്നിരിക്കുന്നത്. ഈ ആഴ്ചയില്‍ മാരുതി സുസുകി ഇന്ത്യയുടെ വില്‍പ്പന 3.3 ശതമാനം കുറഞ്ഞതായി കണക്കുകള്‍ പുറത്തുവന്നിരുന്നു. രാജ്യത്തെ ഇരുചക്ര വാഹന വിപണിയില്‍ 13.87 ശതമാനം ഇടിവുണ്ടായതായി ബജാജ് ഓട്ടോയും കണക്ക് പുറത്തുവിട്ടിരുന്നു. യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ കഴിഞ്ഞ മാസം 23.69 ശതമാനമാണ് ഇടിവുണ്ടായത്.
ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രിമാര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് വാഹന വിപണിയിലെ പ്രതിസന്ധിയെ ന്യായീകരിച്ച് ഭരണപക്ഷ എം.പി രംഗത്ത് വന്നിരിക്കുന്നത്.






