
എഴുത്തിനെ അകമഴിഞ്ഞ് പ്രണയിക്കുന്ന ഒരു മനുഷ്യന്. അക്ഷരങ്ങളില്‍നിന്ന് വാക്കുകളിലേക്കും വാക്യങ്ങളിലേക്കും നടത്തുന്ന ഓരോ യാത്രയിലും ഒരായിരം ജ്ഞാനശ്രോതസുകളെ ഹൃദയത്തിലേക്കും തൂലികയിലേക്കും പകര്ത്തുകയാണദ്ദേഹം.
കഥകളി, ആയുര്‍വേദം, പാശ്ചാത്യവും പൗരസ്ത്യവുമായ സാഹിത്യകൃതികള്‍ എന്നിങ്ങനെ അദ്ദേഹത്തിന്റെ എഴുത്തുകളില്‍ കടന്നുവരാത്ത വിഷയങ്ങളില്ല. കാല് നൂറ്റാണ്ടിലധികമായി പത്രപ്രവര്‍ത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഈ പ്രതിഭയെക്കുറിച്ച് അറിയുന്നതിലുമപ്പറമുണ്ടാവും വീണ്ടും വീണ്ടും അടുത്തറിയുമ്പോള്‍. പത്രപ്രവര്‍ത്തകനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഡോ. കെ. എം വേണുഗോപാലിന്റെ എഴുത്തുജീവിതത്തിലൂടെ...
സൗഹൃദങ്ങളുടെ കോളാമ്പി
വര്‍ഷങ്ങള്‍ക്കുമുമ്പ് എം.ടി വാസുദേവന്‍ നായര്‍ തെരഞ്ഞെടുത്ത 10 കഥകള്‍ ഉള്‍പ്പെടുത്തി മലയാള മനോരമ കഥയാട്ടം എന്നൊരു സ്റ്റേജ് പ്രോഗ്രാം ചെയ്തിരുന്നു. ഞാനും ബാലേട്ടനും (പി.ബാലചന്ദ്ര ന്)ചേര്ന്നാണതിന് സ്ക്രിപ്റ്റ് എഴുതിയത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ആ പ്രോഗ്രാം സംവിധാനം ചെയ്തത് ടി.കെ രാജീവ് കുമാറായിരുന്നു. അന്നുമുതലുള്ള സൗഹൃദമാണ് രാജീവുമായി. പിന്നീട് രണ്ടാമൂഴത്തെ ആസ്പദമാക്കി മമ്മൂട്ടി അഭിനയിച്ച മറ്റൊരു പ്രോഗ്രാമിലും ഞങ്ങളൊരുമിച്ച് പ്രവര്‍ത്തിച്ചു. ഭീമം എന്നതിന് പേര് നിര്‍ദ്ദേശിച്ചത് ഞാനാണ്. ആ കൂട്ടായ്മയോടെയാണ് സിനിമയോടെനിക്ക് താല്പര്യം തോന്നുന്നത്. രാജീവുമൊത്തുള്ള ഓരോ വര്‍ക്കും സന്തോഷം നല്‍കുന്നതാണ്.
പിന്നീട് 2016 ല്‍ കമലഹാസന് നായകനായി ഹലോ നായിഡു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അമേരിക്കയില്‍ വച്ചാണ് രാജീവ് അസുഖ ബാധിതനാകുന്നത്. അമേരിക്കയിലും നാട്ടിലുമായി ചികിത്സ തുടര്‍ന്നു. അതിനും രണ്ടുകൊല്ലം മുമ്പ് ജര്‍മ്മിനിയില്‍ വച്ച് ഒരു പ്രാണി കടിച്ചുണ്ടായ ലൈം ഡിസീസാണ് അദ്ദേഹത്തെ അവശനാക്കിയത്.
ആ സമയത്താണ് നമുക്കൊരു സിനിമ ചെയ്യണമെന്നും കഥ മനസിലുണ്ട്, വേണു അത് സ്ക്രിപ്റ്റ് ചെയ്യണമെന്നും പറയുന്നത്. കഥ എന്നോട് പറഞ്ഞു. പിന്നീട് ചര്‍ച്ചകളും വിശകലനങ്ങളുമായി തിരക്കഥയെഴുത്ത് പുരോഗമിച്ചു. നിര്‍മ്മാതാവിന്റെ ആവശ്യപ്രകാരം ഗുരുവായൂരില്‍വച്ച് സിനിമയുടെ പൂജ നടത്തി. അന്നുരാത്രി രാജീവിന് സുഖമില്ലാതെയായി. ശസ്ത്രക്രിയയ്ക്കായി ഹൈദരാബാദിലേക്ക് പോയി. ചികിത്സയ്ക്കുശേഷം വിശ്രമം നിര്‍ദ്ദേശിച്ചെങ്കിലും 20 ദിവസത്തിനുള്ളില്‍ രാജീവ് വീണ്ടും സിനിമാ ചര്‍ച്ചകളില്‍ സജീവമായി. ആശുപത്രിയിലും പരിസരങ്ങളിലുമായി സിനിമ ചര്‍ച്ച പുരോഗമിച്ചു. അങ്ങനെയാണ് കോളാമ്പി എന്ന ചിത്രത്തിന്റെ പിറവി.
എന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു എക്സ്പീരിയന്‍സായിരുന്നു ആ സിനിമ. റസൂല്‍ പൂക്കുട്ടി, രവിവര്‍മ്മന്‍,സാബു സിറില്‍, രമേശ് നാരായണന്, എന്നിങ്ങനെ വലിയൊരു ടീമാണ് കോളാമ്പിയ്ക്ക് പിന്നിലുള്ളത്.
വിസ്മയങ്ങളുടെ സിനിമ
സിനിമ കുറേക്കാലമായി മനസിലുള്ള ആഗ്രഹമായിരുന്നു. പലയാവൃത്തി അതിനായി എഴുതുകയും ചെയ്തു. കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയെക്കുറിച്ച് ചെയ്ത ഡോക്യുമെന്ററിയ്ക്ക് തിരക്കഥയ്ക്കുള്ള ദേ ശീയ അവാര്‍ഡ് കിട്ടിയിരുന്നു. സംവിധായകന് ജയരാജ് പറഞ്ഞതനുസരിച്ച് കലാമണ്ഡലം ഹൈദരാലിയുടെ ജീവിതം സിനിമയാക്കാനുള്ള തിരക്കഥ തയാറാക്കിയതാണ്. നാല് ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും സിനിമ ചെയ്യാനായിരുന്നു തീരുമാനം. പല കാരണങ്ങളാല്‍ ആ സിനിമ നടന്നില്ല.
മമ്മൂട്ടിയെയും ദുല്‍ഖറിനെയും കഥാപാത്രങ്ങളാക്കി മൈന്‍ഡ് ഗുരു എന്നൊരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. സ്ക്രിപ്റ്റ് എഴുതി പൂര്‍ത്തിയാക്കിയെങ്കിലും അത് കൊണ്ടുക്കൊടുക്കാന്‍ തോന്നിയില്ല. മമ്മൂട്ടിയുമായി വളരെക്കാലമായുള്ള അടുപ്പമാണ്. കഥയെന്തെങ്കിലുമുണ്ടോ എന്ന് ചോദിക്കാറുമുണ്ട്. രാജമാണിക്യം പോലെ ബെന്‍സിനോടും പോത്തിനോടും ക്രേസുള്ള ഒരാളുടെ കഥ ഒരിക്കല്‍ ഞാന്‍ സൂചിപ്പിച്ചതുമാണ്. പക്ഷേ അദ്ദേഹത്തിന് ആ ത്രെഡെന്തോ ഇഷ്ടമായില്ല.
പിന്നീട് രാജീവുമായി സംസാരിച്ച് കോളാമ്പി എന്ന സിനിമയിലെത്തി. കഥ വ്യക്തമായി രാജീവിന്റെ മനസിലുണ്ടായിരുന്നു. പല തവണ ചര്‍ച്ച ചെയ്ത് തിരുത്തിയെഴുതിയാണ് സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്.
നാടെന്നും പ്രചോദനം
കരുനാഗപ്പള്ളിയിലെ ഓണാട്ടുകരയിലെ ഒരു കൂട്ടുകുടുംബത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. വലിയ സമൂഹത്തിനു നടുവിലെ ബാല്യവും കൗമാരവും യവ്വനവുമൊക്കെയാണ് എന്നെ ഞാനാക്കിയത്. ആ നാടും വിമര്‍ശനാത്മകമായ ആ സമൂഹവുമൊക്കെ എന്നിലെ എഴുത്തുകാരന് അന്നുമിന്നും പ്രചോദനമായിരുന്നു.
നാല്‍പ്പതോളം അംഗങ്ങളുള്ള കൂട്ടുകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. വീട്ടിലന്ന് ഒരുപാട് നെല്കൃഷിയുണ്ടായിരുന്നു, കൊയ്യാനും മെതിക്കാനും നെല്ലുണക്കാനുമൊക്കെ ഒരുപാട് പണിക്കാരുമുണ്ടാകും. അതുകൊണ്ടുതന്നെ ഏകാന്തതയോ മാനസികമായ ഒറ്റപ്പെടലോ ഒന്നും ഞാനനുഭവിച്ചിട്ടില്ല. ഞാന്‍ ഏറ്റവും ഇളയമകനാണ്. സഹോദരങ്ങളൊക്കെ പലയിടത്തായി സെറ്റിലായതോടെ ക്ഷണനേരംകൊണ്ടാണ് ഓണാട്ടുകരയും ഞങ്ങളുടെ വീടുമൊക്കെയടങ്ങുന്ന ജീവിതം ഇല്ലാതെയായത്.
തൂലികത്തുമ്പില്‍
അച്ഛനും അമ്മയുമൊക്കെ മിതമായി വായിക്കുമായിരുന്നു. എഴുതാനും വായിക്കാനുമൊക്കെയുള്ള സാഹചര്യം സ്വയം ഉണ്ടാക്കിയെടുക്കണം. അമ്മയുടെ നിര്‍ബന്ധപ്രകാരമാണ് എം.എയ്ക്ക് മലയാളം തന്നെ തെരഞ്ഞെടുത്തത്.
പത്രപ്രവര്‍ത്തനത്തിലേക്ക്
കേരള യൂണിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി ചെയ്യുന്ന സമയത്താണ് ഞാന്‍ ഭാഷാപോഷിണിയിലെ ടെസ്റ്റ് എഴുതുന്നത്. പരീക്ഷ പാസായി ജോയിന്‍ ചെയ്തു. ഒരു എഴുത്തുകാരനു കിട്ടാവുന്നതില്‍വച്ച് ഏറ്റവും നല്ല അനുഭവങ്ങള്‍ കിട്ടാനുള്ള പ്ലാറ്റ്ഫോമായിരുന്നു അത്. ഭാഷാപോഷിണിയിലെ തുടക്കകാലത്ത് ഒരു യാത്ര പോയാല്‍ ചുരുങ്ങിയത് 15 എഴുത്തുകാരെയെങ്കിലും കണ്ടിട്ടേ തിരികെ വരുമായിരുന്നുള്ളൂ. 26 വര്‍ഷത്തെ സാഹിത്യ പത്രപ്രവര്‍ത്തന ജീവിതത്തിനിടയില്‍ ഒരുപാട് അഭിമുഖങ്ങള്‍ ചെയ്തിട്ടുണ്ട്. രണ്ട് അഭിമുഖ പുസ്തകങ്ങളുമെഴുതി. ഒരുപക്ഷേ ഞാനായിരിക്കും കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യന്മാരെ ഇന്റര്‍വ്യൂ ചെയ്ത വ്യക്തി.
ഇവരെപ്പോലെയൊക്കെയുള്ള ജീവിത വിജയം കൈവരിച്ച ആളുകളെ കണ്ട് സംസാരിക്കുമ്പോള്‍ അവരുടെ ജീവിത രഹസ്യം കുറച്ചൊക്കെ നമുക്കും കിട്ടും. അവരില്‍ നിന്നും നമുക്കും കുറച്ചൊക്കെ പഠിക്കാന്‍ കഴിയും.
പല തലമുറയില്‍പ്പെട്ട എഴുത്തുകാരെ പരിചയപ്പെടാനും അവരോടൊത്ത് ഇടപഴകാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. തകഴി, പൊന്‍കുന്നം വര്‍ക്കി, കോവിലന് തുടങ്ങിയവരുമായും ഇന്നത്തെ തലമുറയിലുള്ള എഴുത്തുകാരുമായും അടുത്ത ബന്ധമാണുള്ളത്. കോവിലന് നോവലെഴുതാനുള്ള ആരോഗ്യമില്ലാത്തതിനാല്‍ എഴുതിക്കൊടുക്കണമെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷേ ജോലിക്കിടയില്‍ എനിക്കതിന് കഴിഞ്ഞില്ല. തകഴിയുടെയും പൊന്‍കുന്നം വര്ക്കിയുടെയുമൊക്കെ എഴുത്തിന്റെ അവസാന കാലത്താണ് ഞാന്‍ പത്രപ്രവര്‍ത്തനം തുടങ്ങുന്നത്. അടുത്ത തലമുറയിലെ സച്ചിദാനന്ദന്, അയ്യപ്പപണിക്കര്‍, കടമ്മനിട്ട, വിനയചന്ദ്രന് ഇവരുമൊക്കെയായി നല്ല ബന്ധമാണുള്ളത്. എനിക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ സോണതായിരുന്നു.
പ്രചോദനമായ്
അയ്യപ്പപണിക്കര്‍, ബാലചന്ദ്രന് ചുള്ളിക്കാട്, ഒ.വി വിജയന്, സക്കറിയ എന്നീ എഴുത്തുകാരെ ഇഷ്ടമാണ്. തമിഴ് എഴുത്തുകാരന് ജയമോഹനാണ് എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി. ലോകത്തെ ഏറ്റവും വലിയ പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ് ജയമോഹന്. മഹാഭാരതത്തെ ആധാരമാക്കി എഴുതുന്ന വെണ്മുരശ്, 24000 പേജുകളോളമുണ്ട്. എല്ലാ ദിവസം ഒരു ചാപ്റ്റര്‍ എഴുതുന്നതാണ് അദ്ദേഹത്തിന്റെ പതിവ്. ആ സീരീസില്‍ മാത്രം 1000 പേജുള്ള 16 പുസ്തകം എഴുതിയിട്ടുണ്ട്. മൂന്നു ദിവസം കൊണ്ടാണ് ഒരു സിനിമയുടെ സ്ക്രിപ്റ്റ്
എഴുതുന്നത്.
അതുപോലെ എന്നെ സ്വാധീനിച്ച സുഹൃത്തുക്കളിലൊരാളാണ് ബാലചന്ദ്രന് ചുള്ളിക്കാട്. ബാലചന്ദ്രനെ കണ്ടാണ് ഞാന്‍ പലതും പഠിച്ചത്. ഞങ്ങളൊരുമിച്ച് മുകുന്ദനെ കാണാന്‍ പോയതൊക്കെ ഓര്‍മ്മയുണ്ട്. ഉള്ളൂര്‍, കുമാരനാശന്‍ ഇവരുടെ കവിതകളും സി വി രാമന്‍പിള്ളയുടെ നോവലുകളുമൊക്കെ മനപ്പാഠമാണ് ബാലചന്ദ്രന്. മനസിലുള്ള കവിതയുടെ വരികളൊക്കെ ചൊല്ലി കേള്‍പ്പിക്കാറുമുണ്ട്. നന്നായിട്ടുണ്ടെന്ന് കേള്‍ക്കേണ്ട താമസം ആ വരികള്‍ പേപ്പറിലേക്ക് പകര്‍ത്തും. ഇന്നുമൊരു വിദ്യാര്‍ത്ഥിയാണ് എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.