
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം. 12ന് ചിത്രം തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടി പ്രാചി തെഹ്ലാന് പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. നടന് മമ്മൂട്ടിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പ്രാചിയുടെ കുറിപ്പ്. ദുബായില്‍ നടന്ന ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ കണ്ണുനിറഞ്ഞാണ് പ്രാചി വേദിയിലെത്തി സംസാരിച്ചത്. ഇതിന്റെ വിഡിയോയും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
'ആരാകണമെന്ന് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു; എനിക്ക് മമ്മൂക്കയാകണം. മഹാനായ ഒരു നടനും അപ്പുറം മഹാനായ മനുഷ്യനാണ് അദ്ദേഹം. നന്ദി മമ്മൂക്കാ...' കരയുന്നതിന് പ്രേക്ഷകരോട് ക്ഷമ ചോദിച്ചു പ്രാച്ചി. നിറഞ്ഞ ആരവങ്ങളോടെയാണ് താരത്തെ ദുബായ് വരവേറ്റത്.
കുറിപ്പിങ്ങനെ;
പ്രിയപ്പെട്ട മമ്മൂക്ക, മാമാങ്കത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും അരങ്ങേറ്റം നിങ്ങള്‍ക്കൊപ്പമായതിലുമുള്ള സന്തോഷം പങ്കുവെക്കാനാണ് റിലീസ് അടുക്കുമ്പോള്‍ ഞാനീ കുറിപ്പ് പങ്കുവെക്കുന്നത്. മാമാങ്കത്തിന്റെ ഭാഗമാകുമ്പോള്‍ ദക്ഷിണേന്ത്യയില്‍ എനിക്കെല്ലാം പുതിയ അനുഭവങ്ങളായിരുന്നു. രണ്ട് വര്‍ഷമായി മാമാങ്കത്തിനൊപ്പം തന്നെയാണ്. പത്ത് വര്‍ഷമായി സ്പോര്‍ട്സ് എന്നെ പഠിപ്പിച്ചതിലുമധികം മാമാങ്കം യാത്ര എന്നെ പഠിപ്പിച്ചു.
ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാകാന്‍ എന്നെ സഹായിച്ചത് സ്പോര്‍ട്സ് ആണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി അനുഭവിച്ച എല്ലാ സുഖദുഖസമ്മിശ്ര അനുഭവങ്ങളെയും നേരിടാന്‍ ഞാന്‍ മാനസികമായി കരുത്തയായിരുന്നു. ചില സമയങ്ങള്‍ കഠിനമേറിയതായിരുന്നു.
മമ്മൂക്ക, നിങ്ങള്‍ വേദിയിലെത്തിയപ്പോള്‍ മുതല്‍ സന്തോഷം കൊണ്ടെനിക്ക് കരച്ചില് വരികയായിരുന്നു. ഞാന്‍ നിങ്ങളുടെ ബ്ലോക് ബസ്റ്റര്‍ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാകില്ല. പക്ഷേ ഒരു നല്ല മനുഷ്യന് എന്ന നിലയിലാണ് നിങ്ങളുടെ എക്കാലത്തെയും ആരാധികയാകാനുള്ള കാരണം. പലപ്പോഴും നിങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. വേദിയില്‍ എത്രമാത്രം പറയാന്‍ കഴിയുമെന്നോ എല്ലാം എങ്ങനെ നിങ്ങളെ അറിയിക്കണമെന്നോ എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഭാഗ്യവതിയും അനുഗ്രഹീതയുമാണ്. നിങ്ങള്‍ എപ്പോഴും എനിക്ക് പ്രചോദനമായിരിക്കും. നിങ്ങളായിരിക്കുന്നതിന് നന്ദി''- പ്രാചി കുറിച്ചു.






