
ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച് ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ താരമാണ് മണി. താരം നായകനായി എത്തുന്ന ചിത്രമാണ് 'ഉടലാഴം'. ഉടലാഴത്തിലൂടെ മണി മലയാള സിനിമയില്‍ വീണ്ടും ശ്രദ്ധേയനാകുമ്പോള്‍ തന്റെ യഥാര്‍ത്ഥ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ്.
പത്തു വര്‍ഷത്തിനിടെ 20 തവണയിലേറെ റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കിയിട്ടും അത് കിട്ടിയിട്ടില്ലെന്നാണ് മണി പറയുന്നത്. ബത്തേരി ചെതലയം പൂവഞ്ചി കോളനിയിലാണ് മണി താമസിക്കുന്നത്. തനിക്ക് മാത്രമല്ല, കോളനിയിലെ പത്തോളം കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡില്ലെന്നാണ് മണി പറയുന്നത്. റോഡും വീടുമായതു കൊണ്ട് കാര്യമില്ലെന്നും, കാര്‍ഡില്ലാത്തതിനാല്‍ വലിയ വില നല്കി ടൗണില്‍ നിന്ന് അരി വാങ്ങേണ്ട അവസ്ഥായാണെന്നുമാണ് മണി പറയുന്നത്.
'ഉടലാഴ'ത്തിന്റെ വിജയത്തെ തുടര്‍ന്ന് സിനിമാവിശേഷങ്ങളറിയാന് കോളനിയിലെത്തിയവരോടാണ് മണി റേഷന്‍ കാര്‍ഡിന്റെ കാര്യങ്ങള്‍ വിവരിച്ചത്. കര്‍ണാടകയിലെ ഇഞ്ചിപ്പാടത്ത് കൂലിപ്പണി ചെയ്യുന്നതിനിടിയിലാണ് 'ഉടലാഴ'ത്തില്‍ നായകനായി എത്തിയത്. ഭാര്യ പവിഴവും മനീഷ, അനഘ, മീനുക്കുട്ടി എന്നീ മക്കളുമടങ്ങുന്നതാണ് മണിയുടെ കുടുംബം.






