
സ്കോഡയുടെ ജനപ്രിയ മോഡലാണ് ഒക്ടാവിയ. 2020-ല്‍ പുറത്തിറങ്ങാനൊരുങ്ങുന്ന ഒക്ടാവിയയയുടെ പുതുതലമുറ മോഡല്‍ സുരക്ഷയുടെ കാര്യത്തില്‍ മുന്നിലാണെന്ന് തെളിയിച്ചിരിക്കുകയാണ്.
യൂറോ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിരിക്കുകയാണ് സ്കോഡ ഒക്ടാവിയ. ഈ വാഹനം മുതിര്‍ന്നവര്‍ക്ക് 92 ശതമാനവും കുട്ടികള്‍ക്ക് 88 ശതമാനവും കാല്‍നട യാത്രക്കാരന് 78 ശതമാനവും സുരക്ഷയാണ് ഉറപ്പാക്കുന്നത്.
വശങ്ങളിലെ ആഘാതത്തെ ചെറുക്കാന്‍ കരുത്തുള്ള ബോഡിയാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നില്‍ നിന്നുള്ള ആഘാതത്തില്‍ ക്യാബിന് സുരക്ഷിതമാണ്. ബോണറ്റിലേല്ക്കുന്ന ആഘാതം മുന്നിലെ ടയറിനപ്പുറത്തേക്ക് എത്തുന്നില്ല.
ഒക്ടാവിയയില്‍ സുരക്ഷയൊരുക്കാനായി എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനര്‍, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ട്സ്, ലെയ്ന്‍ അസിസ്റ്റ്, കൊളീഷന്‍ അവോയിഡന്‍സ് സിസ്റ്റം, സ്പീഡ് അസിസ്റ്റന്‍സ് എന്നീ സംവിധാനങ്ങളുണ്ട് .
2020 പകുതിയോടെ പുതിയ ഒക്ടാവിയയെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം. ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്തായിരിക്കും 2020 സ്കോഡ ഒക്ടാവിയ ഇന്ത്യയില്‍ എത്തുക. 150 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ നല്‍കുക.






