
2020 ജനുവരി മുതല്‍ ജാപ്പനീസ് വാഹനനിര്‍മാതാക്കളായ നിസാന്റെയും ഡാറ്റ്സണിന്റെയും എല്ലാ മോഡലുകളുടെയും വില ഉയര്‍ത്തും. വില അഞ്ച് ശതമാനം ഉയര്‍ത്താനാണ് നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. നിലവിലെ വിലയേക്കാള്‍ മോഡലുകള്‍ക്കനുസരിച്ച് 5000 രൂപ മുതല്‍ 10, 000 രൂപ വരെ ഉയരുമെന്നാണ് സൂചന. മൈക്രയാണ് നിസാന്‍ നിരയിലെ ഏറ്റവും ചെറിയ വാഹനം. കിക്സാണ് നിസാന്റെ വലിയ വാഹനം. റെഡി-ഗോ, ഗോ എന്നീ വാഹനങ്ങളാണ് ഡാറ്റ്സണ്‍ ഇന്ത്യയിലെത്തിക്കുന്ന മോഡലുകള്‍.
5.29 ലക്ഷം രൂപ മുതല്‍ 9.55 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ നിസാന്‍ ഇന്ത്യയില്‍ എത്തിക്കുന്നുണ്ട്. നിസാന്‍ റെഡ് വീക്കന്‍ഡ് ഓഫറുകളുടെ ഭാഗമായി എസ്യുവി മോഡലായ കിക്സിന് 40,000 രൂപ ഡിസ്കൗണ്ടും 40,000 രൂപ എക്സ്ചേഞ്ച് ബോണസും 10,000 രൂപ കോര്‍പറേറ്റ് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഡാറ്റ്സണ്‍ വാഹനനിരയിലെ റെഡി-ഗോയ്ക്ക് 65,000 രൂപ വരെയും ആനുകൂല്യങ്ങളുണ്ട്. നിര്‍മാണ ചെലവും പാര്‍ട്സിന്റെ വിലയും ഉയര്‍ന്നതിനെ തുടര്‍ന്നാണ് വാഹനങ്ങളുടെ വില ഉയര്‍ത്തുന്നതെന്നാണ് നിസാന്‍ അറിയിച്ചിരിക്കുന്നത്.






