
ഫ്രഞ്ച് നിർമ്മാതാക്കളായ സിട്രൺ പുതിയ മോഡലുമായി ഇന്ത്യയിലേക്ക് എത്തുന്നു. ഗ്രൂപ്പ് PSA -യുടെ ഭാഗമായ സിട്രൺ അടുത്ത വർഷം അവരുടെ ആദ്യത്തെ വാഹനം C5 എയർക്രോസ് എന്ന പ്രീമിയം എസ്യുവിയുമായി ഇന്ത്യയിലേക്ക് എത്തുമെന്നാണ് സൂചന. വാഹനം ഇതിനകം ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.
2020 -ന്റെ രണ്ടാം പകുതിയിൽ തങ്ങളുടെ രണ്ടാം വാഹനം വിപണിയിലെത്തുമെന്ന് PSA ഓട്ടോമൊബൈൽസ് ഇന്ത്യ ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡന്റ് റോളണ്ട് ബൗച്ചാര പറഞ്ഞു.
മിഡ് സൈസ് എസ്യുവി C5 എയർക്രോസിന് ഇന്ത്യൻ വിപണിയിൽ ജീപ്പ് കോമ്പസ് ആയിരിക്കും എതിരാളി. സിട്രൺ ഇന്ത്യയിലെ പ്രീമിയം ഉപഭോക്താക്കളെ മാത്രമല്ല മറ്റു വിഭാഗങ്ങളിലേക്കും ശ്രദ്ധ വയ്ക്കും.
വരും കാലങ്ങളിൽ പ്രാദേശികവൽക്കരണം ഏകദേശം 98% ആയി വർധിപ്പിക്കാൻ സിട്രൺ ഒരുങ്ങുന്നു. C5 എയർക്രോസ് EMP2 പ്ലാറ്റ്ഫോമിലാണ് ഒരുങ്ങുന്നത്.
അന്താരാഷ്ട്ര തലത്തിൽ, സിട്രൺ C5 എയർക്രോസിന് നിരവധി ഫീച്ചറുകളാണ് ഉള്ളത്. പൂർണ്ണ എൽഇഡി ഹെഡ്ലാമ്പുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, 8.0 ഇഞ്ച് ടച്ച്പാനൽ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, എമർജൻസി അസിസ്റ്റൻസ്, ഒരു ഹൈഡ്രോളിക് സസ്പെൻഷൻ സംവിധാനം എന്നിവ വാഹനത്തിന് ലഭിക്കും.
16 ലക്ഷം രൂപയാവും വാഹനത്തിന്റെ പ്രാരംഭ വില പ്രതീക്ഷിക്കാം. ഇന്ത്യൻ വിപണിയിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ കാറിന് ലഭിക്കും.






