
ആക്ടിവയുടെ പുതിയ പതിപ്പായ 6G -യെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ട. 2019 ഡിസംബര്‍ 21 -ന് സ്കൂട്ടറിനെ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ബിഎസ് VI എഞ്ചിനിൽ ആണ് പുതിയ മോഡല്‍ വിപണിയില്‍ എത്തുക. ഈ വര്‍ഷം ഹോണ്ട നിരയില്‍ നിന്നുള്ള മൂന്നാമത്തെ ബിഎസ് VI മോഡല്‍ കൂടിയാണ് ആക്ടിവ 6G. ആക്ടിവ 6G -യുടെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ആക്ടിവ 125 ബിസ് VI പതിപ്പിനെയും, SP 125 ബിഎസ് VI പതിപ്പിനെയും നേരത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 110 സിസി നിരയിലേക്ക് എത്തുന്ന പുതിയ മോഡലില്‍ മുന്‍ മോഡലിനേക്കാൾ വ്യത്യാസം ഉണ്ടാകും. എല്‍ഇഡി ഹെഡ്ലാമ്പ്, പുതിയ ഡിസൈനിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ ആക്ടിവ 6G -യുടെ ഫീച്ചറുകളാണ്.
പുതിയ ഗ്രാഫിക്സും, പുതിയ ഡിസൈനിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പും വഹനത്തില്‍ കണ്ടേക്കാം. പുതിയ ഡിസൈനിലുള്ള 12 ഇഞ്ച് അലോയി വീലുകളും ഡിസ്ക് ബ്രേക്കും പരീക്ഷണയോട്ടത്തിലെ ചിത്രങ്ങളില്‍ കാണാമായിരുന്നു. മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്ക് നല്കിയിരിക്കുന്നതും കാണാം. സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയോടുകൂടി പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ലഭിക്കും. അനലോഗ് സ്പീഡോമീറ്ററിനൊപ്പം ഉള്ള വലിയ എല്‍സിഡി ഡിജിറ്റല്‍ ഡിസ്പ്ലേ ഇന്ധന നില, ട്രിപ്പ് മീറ്റര്‍ മുതലായ വിവരങ്ങളും പങ്കുവെയ്ക്കും.






