ഐസ്വാള്‍: പൗരത്വ ഭേദഗതി നിയത്തിനെതിരെ പ്രക്ഷോഭം ശക്തമാകുമ്പോള്‍ മിസോറാമില്‍ അടുത്ത മാസം തുടങ്ങാനിരുന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരങ്ങള്‍ മാറ്റിവച്ചു. ഫൈനല്‍ റൗണ്ട് മത്സരങ്ങളാണ് മാറ്റിവച്ചത്. ഏപ്രില്‍ മാസത്തില്‍ മിസോറാമില്‍ തന്നെ ടൂര്‍ണമെന്റ് നടത്തുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മിസോറാമില്‍ നിന്ന് മാറ്റുന്നതിനെക്കുറിച്ച് ഫെഡറേഷന് നേരത്തെ ആലോചിച്ചിരുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വേദിയൊരുക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മത്സരം ഏപ്രിലിലേക്ക് മാറ്റിവയ്ക്കാനാണ് ഫെഡറേഷന് തീരുമാനിച്ചത്. നേരത്തെ സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിന് കോഴിക്കോട് വേദിയായിരുന്നു.
ജനുവരി 10 മുതല്‍ 23 വരെയാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. കേരളം ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഐ.എസ്.എല്ലിലെ ചില മത്സരങ്ങളും മാറ്റിവച്ചിരുന്നു.






