
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സംവിധായകന് ലിജോ ജോസ് പല്ലിശ്ശേരി രംഗത്ത്. ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിന് ശേഷിയില്ലെന്ന് ലിജോ ഫേസ്ബുക്കില്‍ കുറിച്ചു. 'നട്ടെല്ല് നിവരട്ടെ ശബ്ദം ഉയരട്ടെ ഇത് അനീതിയാണ്, നാം രാജ്യം ഏല്‍പ്പിച്ചവര്‍ അത് കുട്ടിച്ചോറാക്കാന്‍ പോകുകയാണ്, ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിന് ശേഷിയില്ല' ലിജോ കുറിച്ചു. നേരത്തെയും നിയമത്തിനെതിരെ ലിജോ ജോസ് രംഗത്തെത്തിയിരുന്നു.
നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടക്കുമ്പോഴാണ് ലിജോയും രംഗത്തെത്തിയത്. പ്രക്ഷോഭകരുടെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു പ്രതികരണം. നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ അക്രമത്തിനെതിരെ കഴിഞ്ഞ ദിവസവും ലിജോ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു.
അതേസമയം സിനിമാ മേഖലയില്‍ നിന്ന് നിയമത്തിനെതിരെ രംഗത്ത് എത്തുന്നവരുടെ എണ്ണം നീളുകയാണ്. നടി പാര്‍വ്വതി തിരുവോത്താണ് ആദ്യം രംഗത്തെത്തിയത്. പിന്നീട് പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്, അമല പോള്‍, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും സമരക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി.






