ബെര്‍ഹെയ്ത്: പൗരത്വ ഭേദഗതി നിമയത്തിനെതിരെ രാജ്യത്തെ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രക്ഷോഭത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്നില്‍ അര്‍ബന്‍ നക്സലുകളാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ ഗറില്ലാ രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും പ്രധാാനമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നയങ്ങളില്‍ ചര്‍ച്ച നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണം. ജനാധിപത്യപരമായി പ്രതിഷേധിക്കണം. സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ കേള്‍ക്കാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജാര്‍ഖണ്ഡിലെ ബെര്ഹെയ്തില് തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോണ്‍ഗ്രസിനെതിരെയും പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പാക്കിസ്ഥാനില്‍ നിന്ന് വരുന്ന എല്ലാവര്ക്കും പൗരത്വം നല്കാന് തയ്യാറാണെന്ന് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാവര്ക്കും പൗരത്വം നല്കാന് തയ്യാറാണെന്ന് ഗട്സ് ഉണ്ടെങ്കില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും പറയാന്‍ തയ്യാറാകണമെന്നും അങ്ങനെ പറഞ്ഞാല്‍ രാജ്യം അവര്‍ക്ക് മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷം മുസ്ലീങ്ങള്‍ക്കിടയില്‍ ഭീതി പരത്തുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. അടിസ്ഥാനരഹിതമായ കാര്യങ്ങളും ഭീതിയും പ്രചരിപ്പിക്കുന്നതാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയം. പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ ഒരു പൗരനെയും ബാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഒരു പൗരനെയും ഈ നിയമഭേദഗതി ബാധിക്കില്ലെന്ന് ഞാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. മതത്തിന്റെ പേരിലുള്ള പീഢനങ്ങളെ തുടര്‍ന്ന് അയല്‍രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് നിയമഭേദഗതി കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പുതിയ നിയമഭേദഗതി.






