
കോഴിക്കോട്: പരശുറാം എക്സ്പ്രസ് കടന്നപോകേണ്ട സമയത്തിന് തൊട്ടുമുമ്പ് പാളത്തില്‍ വലിയ കല്ലുകള്‍ നിരത്തി,ക്ലിപ്പുകള്‍ വേര്‍പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര, അയനിക്കാട് മേഖലയിലെ റെയില്‍പ്പാളത്തിലാണ് ക്ലിപ്പുകള്‍ വേര്‍പെട്ട നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ട്രെയിന്‍ മംഗലാപുരത്തേയ്ക്ക് പോകുന്നതിനിടയിലാണ് സംഭവം.
ട്രെയിന്‍ പാളം തെറ്റിയതായി സംശയം തോന്നിയതോടെ പരശുറാമിന്റെ ലോക്കോ പൈലറ്റ് പരാതി നല്‍കുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് തൊട്ടടുത്തുള്ള സ്റ്റേഷനിലാണ് ലോക്കോ പൈലറ്റ് വിവരം അറിയിച്ചത്. ഇതോടെ നടത്തിയ പരിശോധനയിലാണ് റെയില്‍പ്പാളത്തിലെ ക്ലിപ്പുകള്‍ വേര്‍പെട്ട നിലയില്‍ കണ്ടെത്തിയത്. റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തുടരുന്നതിനിടെ ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമമാണോ നടന്നതെന്നും സംശയിക്കുന്നു.






