
ബോയ് കട്ട് ചെയ്ത അലസമായ മുടി. കട്ടിക്കണ്ണട. ഒറ്റക്കല്ല് മൂക്കുത്തി. ഒന്നിനു പിന്നില്‍ മറ്റൊന്നായി മൊട്ടു കമ്മലുകള്‍. ജീന്‍സും കോട്ടണ്‍ ടോപ്പും വേഷം.
തമിഴും മലയാളവും ഇടകലര്‍ത്തി ചടുലമായ സംസാരം. താരജാടകളില് സ്വയം തളച്ചിടാന്‍ അപര്‍ണ ഗോപിനാഥിനെ കിട്ടില്ല. ''നാടകമാണ് എന്റെ ലോകം. അഭിനയമാണ് പ്രധാനം. കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മനസില്‍ സൃഷ്ടിക്കുകയാണ് അഭിനയത്തിലൂടെ''.
മലയാള സിനിമയിലെ നായികാ സങ്കല്‍പ്പം തിരുത്തിയെഴുതുകയായിരുന്നു അപര്‍ണ ഗോപിനാഥ്. അതിനു കരുത്ത് പകര്‍ന്നത് നാടകാഭിനയവും. കുട്ടിക്കാലം മുതല്‍ നാടകവേദികളില്‍ സജീവസാന്നിധ്യമായിരുന്നു അപര്‍ണ.
അച്ഛന്റെ കൈയില്‍ തൂങ്ങി കാണികളുടെ കൂട്ടത്തില്‍ ഒരാളാകും. നാടകത്തിലെ ഓരോ കഥാപത്രങ്ങളെയും സൂഷ്മമായി നിരീക്ഷിച്ച് ഓര്‍മകളില്‍ സൂക്ഷിക്കും. വീട്ടിലെത്തിയാല്‍ ഇഷ്ട കഥാപാത്രങ്ങളെ അനുകരിക്കാന്‍ ശ്രമിക്കും. അതൊരു തുടക്കം മാത്രമായിരുന്നു.
അഭിനയത്തോടെ താല്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നാടകരംഗത്ത് കാലെടുത്ത് വയ്ക്കുന്നത്. അഭിനയത്തിലെ മികവ് കൊണ്ട് നാടകവേദികളില്‍ തിളങ്ങിയ അപര്ണയ്ക്ക് സിനിമയിലേക്കുള്ള വഴി അനായാസമായിരുന്നു. അഭിനയത്തിരക്കിനിടയിലെ ആരോഗ്യ ജീവിതത്തെക്കുറിച്ച്.
എന്റെ ആരോഗ്യം
ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്കി പരിപാലിക്കുന്ന ഒരു സമീപനരീതി എനിക്കില്ല. ആവശ്യമായി തോന്നിയാല്‍ ശ്രദ്ധയും കരുതലും നല്‍ക്കാറുണ്ട്. നാടകത്തിലായാലും സിനിമയിലായാലും കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് ശരീരം രൂപപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്.
നന്നായി മെലിഞ്ഞ ശരീരത്തിന് ഉടമയാകണം എന്നൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. നിലവിലുള്ള വണ്ണത്തില്‍ തുടരാനാണ് ഇപ്പോഴത്തെ തിരുമാനം. അതുകൊണ്ട് തന്നെയാണ് വര്‍ക്കൗട്ട് കാര്യങ്ങള്‍ സ്ഥിരമായി ഫോളോ ചെയ്യാത്തതും.
നാടകത്തിന്റെ പ്രാക്ടീസുമായി തിരക്കിട്ട് നടക്കുന്നത് കൊണ്ട് സ്വാഭാവികമായും വ്യായാമം നന്നായി ലഭിക്കുന്നുണ്ട്.
ഭക്ഷണത്തിലെ ഇഷ്ടങ്ങള്‍
ഭക്ഷണ സാധനങ്ങള്‍ എല്ലാം എനിക്കിഷ്ടമാണ്. ഏതെങ്കിലും പ്രത്യേക ഭക്ഷണമേ കഴിക്കൂ എന്ന നിര്‍ബന്ധമൊന്നും എനിക്കില്ല. എല്ലാം പരീക്ഷിക്കും. വിശന്നിരിക്കുക പതിവില്ല. പുറത്തുള്ള സമയങ്ങളില്‍ വീട്ടില്‍ പോയി കഴിക്കുക പ്രയോഗികമല്ലാത്തതുകൊണ്ട് കൂടുതലും ഹോട്ടല്‍ ഭക്ഷണമാണ് കഴിക്കുക.
കേരളാ വിഭവങ്ങളാണ് എനിക്ക് ഏറെ ഇഷ്ടം. എല്ലാ വിഭവങ്ങള്‍ക്കും പ്രത്യേക രുചിയാണ്. വീണ്ടു വീണ്ടും കഴിക്കാനുള്ള ആഗ്രഹത്തോടെയാണ് കേരളത്തില്‍ എത്തുന്നത്. അടുത്ത സുഹൃത്തുകളുടെ വീട്ടില്‍ ചെല്ലുമ്പോള്‍ ആദ്യം തിരിയുന്നത് നമ്മുടെ നാടന്‍ ഭക്ഷണങ്ങളാണ്.
ചെന്നൈ ജീവിതം
ഞാന്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം ചെന്നൈയിലാണ്. വീട്ടില്‍ എന്നോടോപ്പം അമ്മയും ചേച്ചിയുമുണ്ട്. നാടകവും ഷൂട്ടിംങ് തിരക്കുകളുമില്ലാത്ത ഒഴിവു വേളകളില്‍ പുസ്തക വായനയും പെയിന്റിങുമായിരിക്കും പ്രധാന വിനോദങ്ങള്‍.
ചെറിയ രീതിയിലുള്ള എഴുത്തും എനിക്കുണ്ട്. പഠനശേഷം നാടകരംഗത്ത് സജീവമാവുകയായിരുന്നു. സിനിമ ഷൂട്ടിംങിനോ മറ്റ് അത്യാവശ്യ സമയങ്ങളിലോ മാത്രമാണ് കേരളത്തില്‍ വരുന്നത്.
ബോള്‍ഡ് ഗേള്‍
നല്ല ബോള്‍ഡാണ് ഞാന്‍. പ്രശ്നങ്ങളോ പ്രതിസന്ധികളോ ഉണ്ടാകുന്ന സാഹചര്യങ്ങളെ ധൈര്യത്തോടെ തന്നെ നേരിടും. സന്തോഷമുണ്ടെങ്കില്‍ ദുഃഖമുണ്ട്, ഓരോ പ്രശ്നങ്ങള്‍ക്കും പരിഹാരങ്ങളുമുണ്ട്.
ആത്മവിശ്വാസത്തോടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. നമ്മുക്ക് ചുറ്റും സഹായത്തിന്റെ കരവലയങ്ങള്‍ കൂടെയുള്ളപ്പോള്‍ പേടിയുടെ ആവശ്യമേ ഇല്ല. കാരണം, ഗോസിപ്പുകളുടെയും കള്ള പ്രചരണങ്ങളുടെയും കാലത്ത് പിടിച്ചുനില്‍ക്കുക കുറച്ച് പ്രയാസമാണ്.
മുടിയുടെ നീളം
എല്ലാവരുടെയും ഒരു സ്ഥിരം ചോദ്യമാണ് മുടി നീട്ടി വളര്‍ത്തണമെന്ന് ആഗ്രഹമില്ലേയെന്ന്. തീര്ത്തുമില്ലെന്നാണ് എന്റെ മറുപടി. എനിക്ക് സൗകര്യപ്രദമെന്ന് തോന്നുന്നത് ഈ ഹെയര്‍ സ്റ്റൈലിനോടാണ്.
കെയര്‍ ചെയ്യാന്‍ എളുപ്പവും വളരെ കംഫര്‍ട്ടബിളുമാണ്. ചൂടുള്ള സമയങ്ങള്‍ എറ്റവും സുഖകരമായത് ഈ ഹെയറാണ്. നീളമുള്ള മുടി, കഥാപാത്രങ്ങള്‍ക്ക് ആവശ്യമായി വന്നാല്‍ വച്ചുപിടിപ്പിച്ചാല്‍ മതിയാകുമല്ലോ.
പുതിയ സിനിമ
പ്രദീപ് കാളീപുരത്ത് സംവിധാനം ചെയ്യുന്ന 'സെയ്ഫ്' എന്ന ചിത്രമാണ് എറ്റവും പുതിയത്. എന്നോടൊപ്പം അനുശ്രീയും സിനിമയില്‍ നല്ലൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സമൂഹിക അവബോധം നല്കുന്ന സിനിമയാണ് സെയ്ഫ്.
നാടകമാണ് എന്റെ പ്രധാന മേഖലയെങ്കിലും അഭിനയമാണ് എല്ലാം. അത് സിനിമയിലായാലും നാടകത്തിലായാലും സന്തോഷം മാത്രം. മറ്റ് ഭാഷകളില്‍ നിന്നും അവസരങ്ങള്‍ പലതും വന്നിട്ടുണ്ട്, അതില്‍ എനിക്ക് യോജിക്കുന്ന കഥാപാത്രങ്ങളായി തോന്നിയിരുന്നില്ല.
തയാറാക്കിയത്: റ്റീനു തോമസ്