
മാമാങ്കത്തില്‍ ചന്ദ്രോത്ത് ചന്തുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അച്യുതന്റെ വീട്ടില്‍ അഭിനന്ദനം അറിയിക്കാന്‍ എത്തി മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയുമായ ഉമ്മന്‍ ചാണ്ടി. മാമാങ്കത്തിലൂടെ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയ താരമാണ് അച്യുതനെന്നും ചിത്രം കണ്ടപ്പോള്‍ മുതല്‍ വീട്ടില്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം അച്യുതനെ കാണാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരത്തായിരുന്നതിനാലാണ് ഇത്രയും വൈകിയത്. പുതുപ്പള്ളിയിലേക്ക് വരുംവഴിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. അച്യുതന് ചിത്രത്തില്‍ അഭിനയിച്ചതില്‍ മാത്രമല്ല, ചിത്രം കണ്ട് പലരും പറഞ്ഞ കാര്യങ്ങളും പലരുടേയും അഭിപ്രായവും അഭിനന്ദനവും നേരിട്ട് അറിയിക്കാനാണ് താനെത്തിയതെന്നും എല്ലാ വിജയങ്ങളും ആശംസയും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അച്യുതന്റെ വീട്ടിലെത്തിയാണ് ഉമ്മന്‍ചാണ്ടി അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായി തീയേറ്ററുകളിലെത്തിയ 'മാമാങ്കം സമ്മിശ്ര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ അഭ്യാസമുറകളിലൂടേയും മറ്റും ഇതിനകം മലയാളികളുടെ മനസ്സില്‍ ഇടം നേടി കഴിഞ്ഞിട്ടുണ്ട് കോട്ടയം സ്വദേശിയായ മാസ്റ്റര്‍ അച്യുതന്.
എം പത്മകുമാറാണ് മാമാങ്കം സംവിധാനം ചെയ്യുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച ചിത്രത്തില്‍ ഉണ്ണി മുകുന്ദന്, പ്രാചി തെഹ്ലാന്, അനു സിതാര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, ഇനിയ, കനിഹ, മണിക്കുട്ടന്, ജയന് ചേര്‍ത്തല, കവിയൂര്‍ പൊന്നമ്മ തുടങ്ങിയ നിരവധി താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്.






