കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകമാനം സിവില്‍ നിയമലംഘന പ്രക്ഷോഭങ്ങള്‍ നടത്തണമെന്ന് ജിഗ്നേഷ് മേവാനി. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.
പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി നാണമില്ലാതെ കള്ളം പറയുകയാണ്. തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥയാണ് ഉള്ളത്. പരാതി ഉണ്ടെങ്കില്‍ സുപ്രീം കോടതിയില്‍ പോകൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത് കോടതിയില്‍ കാര്യങ്ങള്‍ മാനേജ് ചെയ്യാമെന്ന ആത്മവിശ്വാസം ഉള്ളത് കൊണ്ടാണെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.
ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തന്റെ പദവിക്ക് ചേരാത്ത രീതിയിലാണ് പെരുമാറുന്നതെന്നും ജിഗ്നേഷ് മേവാനി കുറ്റപ്പെടുത്തി. സിറിയയിലേതിന് സമാനമായ സാഹചര്യമാണ് ഉത്തര്‍പ്രദേശിലുള്ളത്. പോലീസ് നരനായാട്ട് നടത്തുകയാണെന്നും ജിഗ്നേഷ് കുറ്റപ്പെടുത്തി.






