ആലപ്പുഴ: മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയന്റെ മുന്‍ പ്രസിഡന്റ് സുഭാഷ് വാസുവിനെതിരെ തുഷാര്‍ വെള്ളാപ്പള്ളി. സുഭാഷ് വാസു പാര്‍ട്ടിയെയും സമുദായത്തെയും വഞ്ചിച്ചുവെന്ന് തുഷാര്‍ ആരോപിച്ചു. സുഭാഷ് വാസു ഒറ്റയ്ക്ക് മാറി നിന്ന് ബി.ഡി.ജെ.എസിനെ എങ്ങനെ പിളര്‍ത്തുമെന്ന് ചോദിച്ച തുഷാര്‍, രാജിവയ്ക്കണോ എന്ന് അദ്ദേഹം ചിന്തിച്ച് തീരുമാനിക്കട്ടെയെന്നും വ്യക്തമാക്കി.
സുഭാഷ് വാസുവിനോട് വിശദീകരണം തേടുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടും. എന്തിനാണ് വിശദീകരണം ചോദിക്കുന്നതെന്ന് മാധ്യമങ്ങളോട് പറയുന്നില്ല. എന്തായാലും നടപടി ഉണ്ടാകും. നിരവധി സാമ്പത്തിക തിരിമറികള്‍ സുഭാഷ് വാസു നടത്തിയിട്ടുണ്. എഞ്ചിനീയറിംഗ് കോളജിന്റെ പേരില്‍ 22 കോടി രൂപ തട്ടിയെടുത്തുവെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് തന്നെ മത്സരിക്കുമെന്ന് തുഷാര്‍ വ്യക്തമാക്കി. ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.





