തിരുവനന്തപുരം: കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയതെയ്ത രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചത് ചട്ട വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.സി ജോസഫ് സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ നടപടിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് നിയമോപദേശം തേടുന്നത് നല്ലതായിരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ഭരണഘടന പ്രകാരം പൗരത്വ നിയമം കേന്ദ്ര പട്ടികയില്‍ ഉള്‍പ്പെടുന്നതാണ്. അതില്‍ സംസ്ഥാനങ്ങള്‍ക്ക് പങ്കില്ല. നിയമസഭയില്‍ ബി.ജെ.പി സീകരിച്ചത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ഒരു സംസ്ഥാനം അംഗീകരിക്കുന്ന നിയമം മറ്റൊരു സംസ്ഥാനം അംഗീകരിക്കില്ലെന്ന് പറഞ്ഞാല്‍ സ്ഥിതിയെന്താകുമെന്ന് ആലോചിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. ബി.ജെ.പിയുടെ ഏക എം.എല്‍.എ ഒഴികെയുള്ളവര്‍ പ്രമേയത്തെ പിന്തുണച്ചു. നിയമസഭയുടെ അവകാശം ഉപയോഗിച്ച് പാസാക്കിയ പ്രമേയത്തെ വിമര്‍ശിക്കുന്നതിലൂടെ നിയമസഭയുടെ അവകാശം കവരുന്ന നടപടിയാണ് കേന്ദ്രമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കിയത്.






