
ബിഎസ് 6 മറാറ്റ്സോ എംപിവിയുടെ വേരിയന്റുകളില്‍ മാറ്റം വരുത്താൻ ഒരുങ്ങി മഹീന്ദ്ര . പുതിയ ബേസ് വേരിയന്റ് എം2 ആയിരിക്കും. മാത്രമല്ല, എം4 പ്ലസ്, എം6 പ്ലസ് എന്നീ രണ്ട് പുതിയ വേരിയന്റുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
പുതിയ ടോപ് വേരിയന്റ് ഇനി എം6 പ്ലസ് ആയിരിക്കും. നിലവിലെ ടോപ് സ്പെക് വേരിയന്റായ എം8 ഒഴിവാക്കും. പുതിയ എം6 പ്ലസ് വേരിയന്റില്‍ എം8 വേരിയന്റിലെ ചില ഫീച്ചറുകള്‍ നല്‍കുമെന്ന് സൂചനയുണ്ട്. ബിഎസ് 6 മറാറ്റ്സോയുടെ എല്ലാ വേരിയന്റുകളും 7 സീറ്റ്, 8 സീറ്റ് ഓപ്ഷനുകളില്‍ ലഭിക്കുമെന്നാണ് റിപ്പോർട്ട്.
ഈ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന് ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് ലഭിക്കും. ബിഎസ് 4 എന്ജിന് പുറപ്പെടുവിക്കുന്ന അതേ കരുത്ത് ബിഎസ് 6 എന്ജിന് ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതായത്, ഇക്കോ മോഡില്‍ 100 ബിഎച്ച്പി, പവര്‍ മോഡില്‍ 123 ബിഎച്ച്പി എന്നിങ്ങനെ. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് എൻജിനുമായി ചേർത്തുവെക്കും. മള്‍ട്ടി പര്‍പ്പസ് വാഹനത്തില്‍ ഈ വര്‍ഷം തന്നെ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭിച്ചേക്കും.
അധികം വൈകാതെ ബിഎസ് 6 പാലിക്കുന്ന മഹീന്ദ്ര മറാറ്റ്സോ എംപിവി വിപണിയില്‍ അവതരിപ്പിക്കും. മാരുതി സുസുകി എര്‍ട്ടിഗയുടെ ഉയര്‍ന്ന വേരിയന്റുകളും ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ താഴ്ന്ന വേരിയന്റുകളുമാണ് എതിരാളികള്‍. ബിഎസ് 6 പാലിക്കുന്നതോടെ വില 50,000 രൂപയോളം വര്‍ധിക്കും.






