
രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ലേലം. സുരേഷ് ഗോപിയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ലേലം. അതുകൊണ്ട് തന്നെ ലേലത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പലകാരണങ്ങളാല്‍ ചിത്രം നീണ്ടു പോവുകയാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സുരേഷ് ഗോപി.
'രഞ്ജി എഴുതി എഴുതി എത്തുന്നില്ല. അവന് അഭിനയവും എഴുത്തും കൂടി പറ്റുന്നില്ല. അതുകൊണ്ട് അത് അങ്ങനെ തള്ളി തള്ളപ്പോയി. കഴിഞ്ഞ ആഗസ്റ്റില്‍ 40 ദിവസത്തെ ഡേറ്റ് കൊടുത്തതാണ്. ജയരാജ് ഫിലിംസിന്റെ ജോസ് മോനായിരുന്നു നിര്‍മ്മാതാവ്. എല്ലാം ഉറപ്പിച്ച് അവര്‍ ഡേറ്റും വാങ്ങി പോയതാണ്. പിന്നീടാണ് ഇന്റര്‍വെല്ലിന് ശേഷം രഞ്ജിക്ക് എഴുതാന്‍ പറ്റില്ലെന്ന് പറഞ്ഞത്. ഈ വര്‍ഷം അത് ചെയ്യുമെന്നൊക്കെ പറയുന്നുണ്ട്. എനിക്ക് അറിയില്ല.' ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയെ നായകനാക്കി നിഥിന് രഞ്ജി പണിക്കര്‍ കാവല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അതിന് മുമ്പ് പ്രഖ്യാപിച്ച ലേലം 2 ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ആ വാര്‍ത്തകള്‍ തള്ളി നിഥിന് രംഗത്ത് വന്നിരുന്നു. 2020 അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും 2022 ഓടെ ചിത്രം പുറത്തിറക്കുമെന്നും നിഥിന് അന്ന് പറഞ്ഞിരുന്നു.






