
മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 69-ാം ജന്മദിനം. തന്റെ പ്രിയപ്പെട്ട അച്ഛന് ജന്മദിനാശംസകള് നേര്‍ന്ന് എത്തിയിരിക്കുകയാണ് മകള്‍ ശ്രീലക്ഷ്മി. പപ്പ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് പപ്പയ്ക്ക് അറിയാമെന്ന് പ്രതീക്ഷിക്കുന്നു. പപ്പയ്ക്ക് പിറന്നാള്‍ ആശംസകള്‍. ജഗതിയുടെ സിനമയിലെ ഒരു ചിത്രം പങ്കുവച്ച് ശ്രീലക്ഷ്മി കുറിച്ചു.
പ്രമുഖ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എന്‍.കെ ആചാരിയുടേയും പരേതയായ പൊന്നമ്മാളിന്റേയും മൂത്ത മകനായി 1951 ജനുവരി 5ന് തിരുവനന്തപുരം ജില്ലയിലെ ജഗതിയിലാണ് ജഗതി ശ്രീകുമാറിന്റെ ജനനം. മലയാളത്തില്‍ ഏകദേശം 1500ഓളം ചിത്രങ്ങളില്‍ അഭിനയിച്ച താരം ഗിന്നസ് റെക്കോര്‍ഡിനും ഉടമയാണ്.
ലൊക്കേഷനുകളിലേക്ക് ഓടിനടക്കുന്നതിനിടെയില് 2012 മാര്‍ച്ച് 10ന് ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ജഗതിയ്ക്ക് ഗുരുതരമായ പരുക്കേറ്റു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോഴും പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.






