
ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എഡിഷന് ശ്രീലങ്കന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേഡ് സ്കൂട്ടറിന്റെ കൂടുതല്‍ സ്റ്റൈലിഷായ വേരിയന്റാണ് റേസ് എഡിഷന്. മെക്കാനിക്കല്‍ മാറ്റങ്ങളില്ല. ശ്രീലങ്കയിലെ ഫേവറിറ്റ് സ്കൂട്ടറുകളിലൊന്നായി ടിവിഎസ് എന്‍ടോര്‍ക്ക് 125 മാറിയെന്ന് ടിവിഎസ് ശ്രീലങ്ക സിഇഒ രവി ലിയനാഗേ പറഞ്ഞു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ റേസ് എഡിഷന് അവതരിപ്പിച്ചത്.
എന്‍ടോര്‍ക്ക് 125 സ്കൂട്ടർ നിലവില്‍ ലോകമാകെ നാല് ലക്ഷത്തിലധികം യുവജനങ്ങള്‍ ഉപയോഗിക്കുന്നതായി ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്റര്‍നാഷണല്‍ ബിസിനസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആര് ദിലീപ് വ്യക്തമാക്കി. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ഹെഡ്ലാംപ്, ഹസാര്‍ഡ് ലൈറ്റ് സ്വിച്ച് എന്നിവ റേസ് എഡിഷന്റെ സവിശേഷതകളാണ്. 'സ്മാര്‍ട്ട്കണക്റ്റ്' സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി പ്രധാന ഫീച്ചറാണ്.
മാറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് റെഡ് എന്നീ ത്രീ-ടോണ്‍ കളര്‍ കോംബിനേഷനിലാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എഡിഷന് ലഭിക്കുന്നത്. റേസ് പ്രചോദിതമായ ചെക്കേര്‍ഡ് ഫ്ളാഗ് ഗ്രാഫിക്സും നല്കിയിരിക്കുന്നു. 124.79 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്ട്രോക്ക്, 3 വാല്‍വ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,500 ആര്‍പിഎമ്മില്‍ 9.25 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.






