
2020-ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ 5 ജി ഫോണുകള്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. സാംസങ്, വണ്‍ പ്ലസ്, ഹുവാവേ, വിവോ, ഓപ്പൊ, ഷവോമി, മൈക്രോമാക്സ് എന്നിവ മുന്‍പേതന്നെ 5 ജി ഫോണുകള്‍ യു.എസ്., ഓസ്ട്രേലിയ, യൂറോപ്പ് വിപണിയില്‍ വില്‍ക്കുന്നുണ്ട്. ഈ വര്‍ഷം 15 ലക്ഷം 5 ജി ഫോണുകള്‍ ഇന്ത്യയില്‍ വില്‍ക്കുമെന്നാണ് ഗവേഷണ സ്ഥാപനമായ ടെക് ആര്‍ക്ക് പറയുന്നത്.
ആഗോളതലത്തില്‍ പത്ത് 5 ജി മോഡലുകള്‍ വിപണിയിലെത്തിക്കുമെന്നാണ് ചൈനീസ് ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായ ഷവോമി അറിയിച്ചിട്ടുള്ളത്. റിയല്‍മി ആദ്യ പാദത്തില്‍ തന്നെ 5 ജി ഡിവൈസുകള്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഓപ്പൊ, വിവോ, വണ്‍പ്ലസ്, സാംസങ് എന്നീ കമ്പനികള്‍ 2020-ല്‍ 5 ജി അവതരിപ്പിക്കാന്‍ തയ്യാറെടുത്തിട്ടുണ്ട്.
സര്‍ക്കാര്‍ ഏപ്രില്‍-ജൂണ്‍ പാദത്തിലാണ് 5 ജി സ്പെക്ട്രം ലേലം ചെയ്യാന്‍ തയ്യാറെടുക്കുന്നത്. പ്രീമിയം വിഭാഗങ്ങളില്‍ 15-18 മോഡലുകള്‍ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് ടെക് ആര്‍ക്ക് പറയുന്നത്. എന്നാല്‍ ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് പ്രകാരം 2020-ല്‍ 4 ജി, 5 ജി വേരിയന്റുകള്‍ വരുമെങ്കിലും 2021-ല്‍ മാത്രമേ 5 ജി വില്പന ഉയരുകയുള്ളൂ.






