
ബിഎസ് 6 പാലിക്കുന്ന സുസുകി ആക്സസ് 125 വിപണിയില്‍ അവതരിപ്പിച്ചു. 64,800 രൂപ മുതല്‍ 69,500 രൂപ വരെയാണ് ആക്സസ് 125 ന്റെ ഡല്‍ഹി എക്സ് ഷോറൂം വില. ബിഎസ് 6 യമഹ ഫാസിനോ 125, ബിഎസ് 6 ഹോണ്ട ആക്റ്റിവ 125 എന്നിവയാണ് എതിരാളികള്‍. സുസുകി ആക്സസ് 125 സ്കൂട്ടറിന്റെ മൂന്ന് സ്റ്റാന്‍ഡേഡ് സ്പെക് വേരിയന്റുകള്‍ക്കും (ഡ്രം സിബിഎസ്, ഡ്രം കാസ്റ്റ്, ഡിസ്ക് സിബിഎസ്) ഈ രണ്ട് സ്കൂട്ടറുകളേക്കാള് വില കുറവാണ്.
സുസുകി ആക്സസ് 125 സ്കൂട്ടറില്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്. എല്‍ഇഡി ഹെഡ്ലൈറ്റ്, സ്പീഡോമീറ്ററില്‍ ഇക്കോ ലൈറ്റ്, പുറമേക്കൂടി ഇന്ധനം നിറയ്ക്കാവുന്ന സംവിധാനം എന്നിവയാണ് പുതിയ സവിശേഷതകള്‍. എന്നാല്‍ ഡ്രം സിബിഎസ് എന്ന ബേസ് വേരിയന്റില്‍ ഇക്കോ ലൈറ്റ് നല്‍കിയില്ല. ബാറ്ററിയുമായി ബന്ധപ്പെട്ട്, ഡിജിറ്റല്‍ സ്ക്രീനില്‍ ഇനി വോള്‍ട്ടേജ് മീറ്റര്‍ കാണാനാകുമെന്നും സൂചനയുണ്ട്
ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വേളയില്‍ സ്കൂട്ടറിന്റെ ഫ്യൂവലിംഗ് സംവിധാനം കാര്ബുറേറ്ററില്നിന്ന് ഫ്യൂവല്‍ ഇന്‍ജെക്ഷനിലേക്ക് മാറ്റിയിരിക്കുന്നു. ബിഎസ് 6 പാലിക്കുന്ന എന്ജിന് 6,750 ആര്‍പിഎമ്മില്‍ 8.7 എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാൽ, ബിഎസ് 4 എന്‍ജിനുമായി താരതമ്യം ചെയ്യുമ്പോള്‍ പവര്‍ ഔട്ട്പുട്ടില് മാറ്റമില്ല. ടോര്‍ക്ക് അല്‍പ്പം കുറഞ്ഞു. 0.2 ന്യൂട്ടണ്‍ മീറ്റര്‍.






