
സിനിമ ഇന്‍ഡസ്ട്രിയില്‍ മക്കള്‍ മാതാപിതാക്കളുടെ പാത പിന്തുടരുന്നത് പുതുമയുള്ള കാര്യമല്ല. അത്തരത്തില്‍ താരപുത്രന്മാര്ക്കിടയിലേക്ക് പുതിയതായെത്തിയ അതിഥിയാണ് നടിയും അവതാരകയും പാചക വിദഗ്ധയുമായ ആനിയുടേയും സംവിധായകനും നിര്‍മ്മാതാവുമായ ഷാജികൈലാസിന്റെയും ഇളയ മകന് റോഷന്.
ഷാജി കൈലാസ് നിര്‍മ്മിക്കുന്ന താക്കോല്‍ എന്ന ചിത്രത്തിലൂടെയാണ് കൊച്ചു റോഷന് അഭിനയ രംഗത്തേക്കെത്തുന്നത്. ഒപ്പം തിരുവനന്തപുരത്ത് മൂത്തമകന് ജഗനുവേണ്ടി പുതിയതായി തുടങ്ങിയ റസ്റ്റൊറന്റിന്റെ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് ആനി എന്ന ചിത്ര.
റോഷന് അച്ഛന്റെയും അമ്മയുടേയും പാത പിന്തുടരുകയാണോ?
സത്യത്തില്‍ അവന് ഒരു ക്രിക്കറ്ററാകാനാണ് ആഗ്രഹം. സ്വപ്നത്തെക്കുറിച്ച് ചോദിച്ചാല്‍ അവന് അങ്ങനെയാണ് പറയാറ്. സിനിമയിലേക്കുള്ള ഓഫര്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് ലഭിച്ചത്.
ആരും വിചാരിച്ചില്ല അവന് അഭിനയിക്കുമെന്ന.് സിനിമയുടെ ആളുകള്‍ വന്നുചോദിച്ചു, അവന് സമ്മതം മൂളി. റോഷന് സിനിമയെക്കുറിച്ചൊന്നും അറിയില്ല. അവര്‍ പറഞ്ഞുകൊടുത്തത് ചെയ്തു എന്നല്ലാതെ, അഭിനയിച്ചു എന്നൊരു ഫീലൊന്നും കുട്ടിക്ക് വന്നിട്ടില്ല. താക്കോല്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഷാജിയേട്ടന് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സിനിമയിലെ നായകനായ ഇന്ദ്രജിത്തിന്റെ ചെറുപ്പമായിട്ടാണ് റോഷന് എത്തുന്നത്. മകന് സിനിമാനടനാകുമെന്നോര്ത്തുള്ള സ്വപ്നങ്ങളൊന്നും ഞങ്ങള്‍ക്കില്ല. ദൈവം നിശ്ചയിക്കുന്നതുപോലെ സംഭവിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ആനീസ് കിച്ചണ്‍ എന്ന പേരില്‍ പലരും റസ്റ്റൊറന്റ് തുടങ്ങിയപ്പോഴും അത് നിങ്ങളുടേതാണെന്നാണ് എല്ലാവരും കരുതിയത്?
ഞാന്‍ അമൃത ടിവിയില്‍ ആനീസ് കിച്ചണ്‍ എന്ന പ്രോഗ്രാം ചെയ്യുന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ ആ പേരില്‍ ആര് റസ്റ്റൊറന്റ് തുടങ്ങിയാലും അത് ഞങ്ങള്‍ തുടങ്ങിയതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ട്. മുന്‍പ് എറണാകുളത്താരോ ഈ പേരില്‍ റസ്റ്റൊറന്റ് തുടങ്ങിയ സമയത്ത് എന്റെയും ഏട്ടന്റെയും ഫോണിന് വിശ്രമമില്ലായിരുന്നു. അതിനെക്കുറിച്ച് അന്വേഷിക്കാന്‍ ആളുകള്‍ വിളിച്ചുകൊണ്ടിരുന്നു.
മകന് ജഗനാണല്ലോ അമ്മയുടെ സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്?
റസ്റ്റൊറന്റ് തുടങ്ങിയതുതന്നെ ഞങ്ങളുടെ മൂത്ത മകന് ജഗനുവേണ്ടിയാണ്. ജഗന് എം.ബി.എ യാണ് പഠിച്ചത്. അവന് ബിസിനസ് ചെയ്യാനാണ് ആഗ്രഹം, അതുപോലെ ആരുടേയും കീഴില്‍ വര്‍ക്ക് ചെയ്യാനും താല്പര്യമില്ലെന്ന് പറഞ്ഞു. അവന് ബാങ്ക് ഓഫ് ഖത്ത(ഐ.ബി.ക്യു)റില്‍ ജോലികിട്ടിയിരുന്നു. അത് വേണ്ടന്നുവച്ച് സ്വന്തമായി എന്തെങ്കിലും ചെയ്യണം ബിസിനസാണ് താല്പര്യമെന്ന് ആഗ്രഹം പറഞ്ഞു.
അവനെ ഹെല്‍പ്പ് ചെയ്യാന്‍ പാചകം അല്ലാതെ എനിക്ക് മറ്റൊരു മേഖലയുമറിയില്ല. അവന് കൊച്ചായതുകൊണ്ടുതന്നെ അവന്റെ കൂടെ നില്‍ക്കേണ്ടത് ഞങ്ങളുടെ കടമയാണ്. റസ്റ്റൊറന്റ് തുടങ്ങാമെന്ന് ഏട്ടനോട് പറഞ്ഞപ്പോള്‍ ഏട്ടന് പറഞ്ഞു അങ്ങനാണേല്‍ നമുക്ക് തുടങ്ങാം. പക്ഷേ ആദ്യംതന്നെ വലിയ സംരംഭത്തിലേക്കൊന്നും പോവണ്ട. പകരം നീ ഒരു തട്ടുകട നടത്തി കാണിക്ക് എന്ന്.
റോഡരികില്‍നിന്ന് ദോശ ചുട്ട് പൈസ ഉണ്ടാക്കാന്‍ പറ്റുമോന്ന് ജഗനോട് ചോദിച്ചു. അവനതിന് സമ്മതിച്ചു. ഇപ്പോഴത്തെ പിള്ളേര് പറയുന്നപോലെ എനിക്കതൊരു കുറച്ചിലാണ്, കൂട്ടുകാര്‍ കണ്ടാല്‍ മോശമാണ് എന്നൊന്നും അവന് പറഞ്ഞില്ല. രാത്രി പന്ത്രണ്ട് മണിവരെയൊക്കെ അവന് ജോലിചെയ്തു. ഞങ്ങള്‍ക്ക് അതൊക്കെ കാണുമ്പോള്‍ വിഷമമുണ്ടായിരുന്നു. അവനാ തട്ടുകടയില്‍നിന്ന് ലാഭം ഉണ്ടാക്കി.
ഏട്ടനവന്റെ ആത്മാര്‍ഥത മനസിലായി. അതുകൊണ്ടുതന്നെ അടുത്ത സ്റ്റെപ്പായി സമോസ പോയിന്റ് എന്നപേരില്‍ ഒരു സ്നാക്സ് ഷോപ്പ് ഇട്ടുകൊടുത്തു. തട്ടുകടയില്‍നിന്ന് കിട്ടുന്ന പ്രോഫിറ്റ് കൊണ്ട് ഒരിക്കലും സ്നാക്സ് ഷോപ്പ് ഇടാന്‍ പറ്റില്ല. കുറച്ച് ലോണ്കൂടിയെടുത്താണ് തുടങ്ങിയത്.
ആദ്യം വഴുതക്കാടായിരുന്നു സമോസ പോയിന്റ് പിന്നീടത് കേശവദാസപുരത്തേക്ക് മാറ്റി. പല തരത്തിലുള്ള സമോസകളാണ് അവിടുത്തെ പ്രത്യേകത. ബ്ലാക്ക് ടീയോടൊപ്പം പലതരം സമോസകള്‍, ചിക്കന്‍ റോള്‍, കട്ട്ലറ്റ്, കിളിക്കൂട് ഇത്തരം പലഹാരങ്ങളൊക്കെ അവിടുത്തെ പ്രത്യേകതയാണ്.
കോളജ് സ്റ്റുഡന്റ്സ് മാത്രമല്ല പല സ്ഥിരം കസ്റ്റമേഴ്സും അവിടെ വരുന്നുണ്ട്. എടുത്ത ലോണ്‍ അടയ്ക്കാനും സ്റ്റാഫിന് ശമ്പളംകൊടുക്കാനുമുള്ള ലാഭം അവന് അതില്‍നിന്നും ഉണ്ടാക്കി. അതുകൊണ്ടുതന്നെ അടുത്ത സ്റ്റെപ്പിലേക്ക് വരാന്‍ അവന് താല്പര്യം കാണിച്ചു. അങ്ങനെയാണ് റസ്റ്റൊറന്റ് എന്ന ഐഡിയയിലേക്ക് വരുന്നത്.
എന്നോട് നാട്ടുകാരെല്ലാം കാണുമ്പോള്‍ പറയും ടി. വി ഷോയില്‍ കാണിക്കുന്ന ഭക്ഷണ സാധനങ്ങളൊക്കെ കാണുമ്പോള്‍ കഴിക്കാന്‍ തോന്നാറുണ്ടെന്നും, അതിന് അവസരം കിട്ടുമോ എന്നും. എന്നാല്‍ അങ്ങനെ ആയിക്കോട്ടെ എന്ന് ഞാനും കരുതി. അങ്ങനെ ജഗന് വേണ്ടിയും എന്നെ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്കും വേണ്ടിയുംകൂടിയാണ് ഈ റസ്റ്റൊറന്റ് തുടങ്ങിയത്.
എന്താണ് അവിടുത്തെ പ്രത്യേകതകള്‍?
ആദ്യം ഒരു മള്‍ട്ടി ക്യുസിന്‍ റസ്റ്റൊറന്റായിട്ടാണ് ഇത് തുടങ്ങിയത്. പക്ഷേ അവിടെ വരുന്നവര്‍ക്ക് നാടന്‍ ഭക്ഷണം മതി. അതുകൊണ്ട് നാടന്‍ ഭക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കാന്‍ തുടങ്ങി. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത എന്റെ അടുക്കളയില്‍ ഭക്ഷണം മിച്ചം വരില്ല എന്നതാണ്. കാരണം നമുക്കറിയാം റസ്റ്റൊറന്റില്‍ ഒരുദിവസത്തെ തിരക്ക് എത്രയുണ്ടാകുമെന്ന്. അതിനപ്പുറത്ത് ഞങ്ങള്‍ ചോറ് ഇടില്ല. കറികളും ചോറും ഒന്നും വൈകിട്ടായാല്‍ എന്റെ അടുക്കളയില്‍ സ്റ്റോക്ക് ഉണ്ടാവില്ല.
ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്നെ പൂര്‍ണ്ണമായി വിശ്വസിക്കാം. കാരണം അന്നത്തോട് ഒരിക്കലും ഞാന്‍ തെറ്റ് ചെയ്യില്ല. അക്കാര്യത്തില്‍ ബിസിനസ് മൈന്‍ഡ് മാത്രമുള്ള ആളല്ല ഞാന്‍. കഴിക്കാന്‍ വരുന്നവരെല്ലാം എന്നെ വിശ്വസിച്ചാണ് വരുന്നത്. അവിടെ വിശ്വാസവഞ്ചന കാണിക്കാന്‍ ഞാന്‍ തയാറല്ല. ദൈവീകമായും കൂടി ഞങ്ങള്‍ നോക്കി നടത്തുന്ന സ്ഥാപനമാണ് ഇത്.
ക്രിസ്മസ് കാലത്തെ ഏറ്റവും നല്ല ഓര്മ പങ്കുവയ്ക്കാമോ?
എനിക്ക് ക്രിസ്മസ് ഒരിക്കലും മിസ് ചെയ്തിട്ടില്ല. എല്ലാ ക്രിസ്മസിനും ഏട്ടന് നക്ഷത്രം തൂക്കും, ട്രീ ഒരുക്കും, പുല്‍ക്കൂട് ഒരുക്കും. ഹിന്ദുമതത്തിലേക്ക് വന്നു എന്നുകരുതി എന്റെ ക്രിസ്റ്റിയാനിറ്റി മറക്കാനുളള ഇട വന്നിട്ടില്ല. ആധ്യാത്മികമായി ചിന്തിക്കുന്നതുകൊണ്ട് എല്ലാം ഒന്നാണെന്ന് ഞങ്ങള്‍ കരുതുന്നു.
മകനെ ബിഗ്ഗ് സ്ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാവും?
നല്ല സിനിമകള്‍ വരുമ്പോള്‍ ഏട്ടന് തീയറ്ററില്‍ കൊണ്ടുപോകാറുണ്ട്. അവനെ ബിഗ് സ്ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ്. ഏതൊരു അപ്പനും അമ്മയുമാണ് മക്കളെ ലൈം ലൈറ്റില്‍ കാണാന്‍ ആഗ്രഹിക്കാത്തത്. എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു. ദൈവം നിശ്ചയിക്കുന്നതുപോലെ നടക്കട്ടെ.
ഷെറിങ്ങ് പവിത്രന്