
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കരുത്തരായ പഞ്ചാബിനെ തകര്‍ത്ത് കേരളം. ഓള്‍റൗണ്ടറായ ജലജ് സക്സേനയുടെ ബൗളിങ്ങ് കരുത്തില്‍ 21 റണ്‍സിനാണ് കേരളം പഞ്ചാബിനെ തകര്‍ത്തത്. രണ്ടാം ഇന്നിങ്സില്‍ 146 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 124 റണ്‍സിന് പുറത്താകുകയായിരുന്നു. ഏഴ് വിക്കറ്റെടുത്ത ജലജ് സക്സേനയുടെ മികവിലാണ് കേരളത്തിന്റെ ത്രസിപ്പിക്കുന്ന ജയം. സ്കോര്‍, കേരളം: 227,136. പഞ്ചാബ്: 218,124.
ആദ്യ ഇന്നിങ്സില്‍ കേരളത്തിനായി ഏഴു വിക്കറ്റ് വീഴ്ത്തിയത് നിധീഷായിരുന്നു. മായങ്ക് മാര്‍ക്കണ്ഡെയാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍. പഞ്ചാബ് നിരയില്‍ മൂന്നു പേര് പൂജ്യത്തിന് പുറത്തായി. ആദ്യ ഇന്നിങ്സില്‍ 71 റണ്‍സെടുത്ത ക്യാപ്റ്റന്‍ മന്ദീപ് സിങ്ങിന് രണ്ടാം ഇന്നിങ്സില്‍ 10 റണ്‍സെടുക്കാനേ സാധിച്ചുള്ളു.
ഒന്നാം ഇന്നിങ്സില്‍ കേരളം 227 റണ്‍സിന് പുറത്തായിരുന്നു. ആറിന് 89 റണ്‍സെന്ന നിലയില്‍ തകര്‍ന്ന കേരളത്തെ 91 റണ്‍സുമായി പുറത്താകാതെ നിന്ന സല്മാന് നിസാറാണ് 200 കടത്തിയത്. പിന്നാലെ പഞ്ചാബിനെ 218 റണ്‍സിന് പുറത്താക്കി കേരളം ഒമ്പത് റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കുകയായിരുന്നു.






