
ടാറ്റ മോട്ടോഴ്സ് തങ്ങളുടെ പരിഷ്കരിച്ച നെക്സോണ്‍, ടിയാഗോ, ടിഗോര്‍ മോഡലുകളുടെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവിട്ടു. ബിഎസ് 6 പാലിക്കുന്നവയാണ് ഈ മൂന്ന് കാറുകളും ഇപ്പോള്‍. ബുക്കിംഗ് ആരംഭിച്ചതായി ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു.
11,000 രൂപയാണ് ബുക്കിംഗ് തുക. ടാറ്റ മോട്ടോഴ്സ് ഡീലര്‍ഷിപ്പുകളിലോ അതാത് മോഡലുകളുടെ വെബ്സൈറ്റിലോ ബുക്കിംഗ് നടത്താന്‍ സൗകര്യമുണ്ട്.
പരിഷ്കരിച്ച നെക്സോണ്‍, ടിയാഗോ, ടിഗോര്‍ എന്നിവ ബിഎസ് 6 പാലിക്കുന്ന ആദ്യ ടാറ്റ കാറുകളാണ്. ഈ മാസം ഈ മൂന്ന് മോഡലുകളും വിപണിയില്‍ അവതരിപ്പിക്കും. പുതിയ ഡിസൈന്‍, പുതിയ ഫീച്ചറുകള്‍ എന്നിവയോടെയാണ് ഫേസ്ലിഫ്റ്റ് ചെയ്ത കാറുകള്‍ വരുന്നത്. മൂന്ന് കാറുകളിലും കൂടുതല്‍ ഫീച്ചറുകള്‍ ഉണ്ടായിരിക്കും.
മൂന്ന് മോഡലുകളും ടാറ്റ മോട്ടോഴ്സിന്റെ പുതിയ 'ഇംപാക്റ്റ് ഡിസൈന്‍ 2.0' ഡിസൈന്‍ ഭാഷയില്‍ അണിഞ്ഞൊരുങ്ങി. നെക്സോണ്‍ ഫേസ്ലിഫ്റ്റ്, നെക്സോണ്‍ ഇവി മോഡലുകളുടെ രൂപകല്‍പ്പന ഏറെക്കുറേ സമാനമാണ്.
ഫേസ്ലിഫ്റ്റ് ചെയ്ത ടിയാഗോ, ടിഗോര്‍ മോഡലുകളുടെ മുഖം ആള്‍ട്രോസ് ഹാച്ച്ബാക്കില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ്. പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്ലൈറ്റുകള്, പുതിയ ഗ്രില്‍ എന്നിവ പുതിയ ടിയാഗോ, ടിഗോര്‍ മോഡലുകളില്‍ നല്കിയിരിക്കുന്നു. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ പുതിയ ടിഗോറിന്റെ മുന്നിലെ ബംപറില്‍ കാണാം.
ബിഎസ് 6 പാലിക്കുന്ന പുതിയ നെക്സോണ്‍, ടിയാഗോ, ടിഗോര്‍ കാറുകള്‍ക്ക് നിലവിലെ ബിഎസ് 4 മോഡലുകളേക്കാള്‍ വില വര്‍ധിക്കും. മൂന്ന് മോഡലുകളുടെയും എന്ജിന് ഓപ്ഷനുകളില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ ബിഎസ് 6 പാലിക്കുന്ന എന്‍ജിനുകളുടെ കരുത്ത്, ടോര്‍ക്ക് എന്നിവയില്‍ മാറ്റമുണ്ടാകുമോയെന്ന് വ്യക്തമല്ല.






