
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട തങ്ങളുടെ മൂന്നാമത്തെ ബിഎസ് VI വാഹനമായ ആക്ടിവ 6G -യെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
110 സിസി ബിഎസ് VI എഞ്ചിന് കരുത്തിലാകും വാഹനം എത്തുക.
ഹോണ്ട നിരയില്‍ നിന്നുള്ള മൂന്നാമത്തെ ബിഎസ് VI മോഡലാണ് ആക്ടിവ 6G. നേരത്തെ ആക്ടിവ 125 ബിസ് VI പതിപ്പിനെയും, SP 125 ബിഎസ് VI പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു.
പുതിയ എന്‍ജിനൊപ്പം കൂടുതല്‍ സുരക്ഷയും ഒരുക്കിയെത്തുന്ന 6G -ക്ക് വില കൂടും. നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും 5,000 രൂപ മുതല്‍ 7,000 രൂപ വരെ വര്‍ധനവ് പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്.
ആക്ടിവ 5G -യില്‍ നിന്നും വ്യത്യസ്തമായി എല്‍ഇഡി ഹെഡ്ലാമ്പ്, പുതിയ ഡിസൈനിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ ആക്ടിവ 6G -യുടെ സവിശേഷതകളായിരിക്കും. അനലോഗ് സ്പീഡോമീറ്ററിനൊപ്പം നിലകൊള്ളുന്ന വലിയ എല്‍സിഡി ഡിജിറ്റല്‍ ഡിസ്പ്ലേ ഇന്ധന നില, ട്രിപ്പ് മീറ്റര്‍ മുതലായ വിവരങ്ങളും പങ്കുവെയ്ക്കും.
പുതിയ ബിഎസ് VI എഞ്ചിന് 8,000 rpm -ല്‍ 7.6 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പഴയ ബിഎസ് IV എഞ്ചിന് 7,500 rpm-ല്‍ 8 bhp കരുത്ത് ഉത്പാദിപ്പിച്ചിരുന്നു. കരുത്ത് കുറവാണെങ്കിലും ഫ്യുവല്‍ ഇഞ്ചക്ഷന് സംവിധാനമുള്ളതുകൊണ്ട് മികച്ച് ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇന്ത്യന്‍ വിപണിയില്‍ സ്കൂട്ടര്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡലാണ് ആക്ടിവ.






