
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കി സംവിധായകന് എ.എല്‍ വിജയ് ഒരുക്കുന്ന തലൈവിയിലെ അരവിന്ദ് സ്വാമി അവതരിപ്പിക്കുന്ന എംജിആറിന്റെ പുത്തന്‍ ലുക്ക് പുറത്ത് വിട്ടു. ചിത്രകണ്ടവരെല്ലാം അമ്പരന്നരിക്കുകയാണ്. അത്രത്തോളം സാമ്യതയാണ് കണ്ടവര്‍ക്ക് ചൂണ്ടിക്കാണിക്കാനുള്ളത്. മദ്രാസ് പട്ടണം, ദൈവതിരുമകന്‍ എന്നീ സിനിമകളൊരുക്കി ശ്രദ്ധനേടിയ സംവിധായകനാണ് എഎല്‍ വിജയ്.
ചിത്രത്തില്‍ ജയലളിതയായി എത്തുന്നത് ബോളിവുഡ് നടി കങ്കണ റണൗട്ടാണ്. തലൈവിയിലെ കങ്കണയുടെ രൂപമാറ്റം ഏറെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. എംജിആറിന്റെ ലുക്കില്‍ തൃപ്തരാണെന്നാണ് മനസിലാക്കാനാകുന്നത്. 'മണി കര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി' എന്ന ചരിത്ര സിനിമയുടെ വിജയത്തിന് പിന്നാലെയാണ് കങ്കണ ജയലളിതയുടെ ജീവിതം സ്ക്രീനില്‍ അവതരിപ്പിക്കുന്നത്.
തലൈവിക്കായി രചന നിര്‍വ്വഹിക്കുന്നത് കെ വി വിജയേന്ദ്രപ്രസാദും രജത് അറോറയും ചേര്‍ന്നാണ്. എംജിആര്‍ 1987 വരെയുള്ള പുതുവര്ഷക്കാലത്തോളം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹം ജയലളിതയുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തികൂടിയാണ്. രാഷ്ട്രീയക്കാരന് എന്നതിനപ്പുറം സിനിമാതാരം കൂടിയായിരുന്നു ഇരുവരും.
അതേസമയം ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കി തന്നെ സംവിധായിക പ്രിയദര്‍ശിനിയും ഒരു ചിത്രം ഒരുക്കുന്നുണ്ട്. സംവിധായകന് ഗൗതം വാസുദേവ് ഇതേ പ്രമേയത്തില്‍ വെബ്സീരീസും ഒരുക്കിയിരുന്നു.
പ്രിയദര്‍ശിനി ഒരുക്കുന്ന ചിത്രത്തിന് ദി അയണ്‍ ലേഡി എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നേരത്തേ പുറത്ത് വിട്ടിരുന്നു. മലയാളി നായിക നിത്യ മേനോനാണ് ഈ ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ജയലളിതയുമായുള്ള നിത്യ മേനോന്റെ സാമ്യത ഏറെ ശ്രദ്ധ ആകര്‍ശിച്ചിരുന്നു.