
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ചിത്രം ഷൈലോക്കിന്റെ ഗാനങ്ങള്‍ പുറത്ത് വിട്ടു. ദുബായില്‍ വച്ച് നടന്ന ചടങ്ങില്‍ മമ്മൂട്ടിയുള്‍പ്പെടെ നിരവധി താരങ്ങളാണ് പങ്കെടുത്തത്. നവാഗതരായ അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമായാണ് ഷൈലോക്ക് ഒരുക്കിയിരിക്കുന്നത്. ദി ഫ്രഷ് മാര്‍ക്കറ്റ് ഓപ്പണ്‍ ഗ്രൗണ്ടില്‍ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു ഓഡിയോ ലോഞ്ചിങ് നടന്നത്.
പ്രശസ്ത തമിഴ് താരം രാജ് കിരണ്‍, തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്, നടന്മാരായ ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടി മീനയാണ് ചിത്രത്തിലെ നായിക. ലക്ഷ്മി എന്ന കഥാപാത്രമായാണ് മീന എത്തുന്നത്. കൊച്ചിയിലും കോയംമ്പത്തൂരുമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ഗുഡ് വില്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
അടിമുടി സ്റ്റൈലിഷ് ലുക്കിലെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വേറിട്ട ലുക്ക് തന്നെയാണ് പ്രധാന ആകര്‍ഷണം. ചിത്രത്തന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ജനുവരി 23ന് ചിത്രം തീയറ്ററുകളിലെത്തും.






