
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ വിമര്‍ശനവുമായി പ്രസിദ്ധ ചരിത്രകാരന് രാമചന്ദ്ര ഗുഹ. കഠിനാധ്വാനം ചെയ്ത് പ്രധാനമന്ത്രി പദത്തിലെത്തിയ മോഡിയോട് പിടിച്ചു നില്ക്കാന് ഗാന്ധി കുടുംബത്തിലെ അഞ്ചാം തലമുറക്കാരനായ രാഹുലിന് കഴിയില്ലെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശം ഉയര്‍ത്തിയത്.
സ്വാതന്ത്ര്യ കാലത്തെ വലിയ മഹത്തായ പാര്‍ട്ടി എന്ന നിലയില്‍ നിന്ന് കുടുംബവാഴ്ചയിലേയ്ക്ക് കോണ്‍ഗ്രസ് അധപതിച്ചതാണ് ഇപ്പോഴത്തെ തീവ്ര ഹിന്ദുവാദത്തിനും യുദ്ധവെറിക്കും കാരണമെന്നും ഗുഹ കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിയോട് വ്യക്തിപരമായ പ്രശ്നങ്ങളില്ല. അദേഹം വളരെ മാന്യനാണ്. നന്നായി പെരുമാറുകയും ചെയ്യും. എന്നാല്‍ യുവ ഇന്ത്യയ്ക്ക് ഗാന്ധി കുടുംബത്തിലെ അഞ്ചാം തലമുറക്കാനെ ആവശ്യമില്ല. രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റിലേക്ക് ജയിപ്പിച്ചത് കേരളം ചെയ്ത് ഏറ്റവും വിനാശകരമായ കാര്യമാണെന്നും, ഇതേ തെറ്റ് 2024 ലും കേരളം ആവര്‍ത്തിച്ചാല്‍ അത് നരേന്ദ്രമോഡിക്ക് സഹായകമാകുമെന്നും ഗഹു പറഞ്ഞു.
നരേന്ദ്രമോഡിയുടെ വലിയ നേട്ടം അദേഹം രാഹുല്‍ ഗാന്ധി അല്ല എന്നുള്ളതാണ്. അദേഹം സ്വയം അദ്ധ്വാനിച്ചു. അദേഹം ഒരു സംസ്ഥാനം 15 വര്‍ഷം ഭരിച്ചു. അതിലൂടെ ഭരണപരമായ അനുഭവം ലഭിച്ചു. അദേഹം ഒരിക്കലും അവധിയെടുത്ത് യൂറോപ്പിലേയ്ക്ക് പറക്കാറില്ല. എന്നെ വിശ്വസിക്കൂ, ഇതെല്ലാം ഞാന്‍ പറയുന്നത് അതിന്റേതായ ഗൗരവത്തിലാണെന്നും ഗുഹ കൂട്ടിച്ചേര്‍ത്തു.






