
മുംബൈ: ജനസംഖ്യാ നിയന്ത്രണത്തിനായി നിയമം കൊണ്ടുവരണമെന്ന ആര്‍എസ്എസ് നിര്‍ദേശത്തിനു പിന്നാലെ പ്രതികരണവുമായി മഹാരാഷ്ട്ര ന്യൂനപക്ഷ കാര്യമന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്. ആര്‍എസ്എസ് വന്ധ്യംകരണ ശസ്ത്രക്രിയ നിര്‍ബന്ധപൂര്‍വം നടപ്പാക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിനുള്ള നിയമം പ്രധാനമന്ത്രി കൊണ്ടുവരട്ടെയെന്ന് നവാബ് മാലിക് പറഞ്ഞു.
വന്ധ്യംകരണം നിര്‍ബന്ധപൂര്‍വം നടപ്പിലാക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ പ്രധാനമന്ത്രി മോഡി അത്തരമൊരു നിയമം നടപ്പിലാക്കട്ടെ. എന്നിട്ട് ജനങ്ങളെ അതിന് വിധേരാക്കട്ടെ. വന്ധ്യംകരണം നടപ്പിലാക്കിയപ്പോള്‍ എന്താണ് കഴിഞ്ഞ കാലത്ത് സംഭവിച്ചതെന്ന് നാം കണ്ടതാണ്. എന്തായാലും കാത്തിരിക്കാം എങ്ങനെയാണ് ഈ നിയമം പാസാക്കുന്നതെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം നിര്‍ദേശങ്ങള്‍ക്കു പകരം വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവാക്കാന്‍ തയാറാകുകയാണ് വേണ്ടതെന്നും അദേഹം അഭിപ്രായപ്പെട്ടു. നിലവില്‍ മഹാരാഷ്ട്രയില്‍ മൂന്നു കുട്ടികളുള്ളവര്‍ക്ക് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.
അനിയന്ത്രിതമായ ജനസംഖ്യാ രാജ്യത്തിന്റെ വികസനത്തിന് ഗുണകരമാകില്ലെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മൊറാബാദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജില്‍ നടന്ന യോഗത്തില്‍ സംസാരിക്കവെയാണ് ഇതുസംബന്ധിച്ച വാദം മുന്നോട്ടുവെച്ചത്.
രാജ്യത്ത് ശരിയായ വികസനം സാധ്യമാകണമെങ്കില്‍ രണ്ട് കുട്ടികള്‍ മതി എന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരണം. ജനസംഖ്യാ നിയന്ത്രണം എത്രയും വേഗം തീരുമാനമെടുക്കേണ്ട വിഷയമാണെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി. രാജ്യത്ത് എല്ലാവര്ക്കും ഈ നിയമം ബാധകമാക്കണം. ഏതെങ്കിലും ഒരു മതവിഭാഗവുമായി ഈ നിര്‍ദേശത്തിന് ബന്ധമില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ്. പക്ഷെ അനിയന്ത്രിതമായ ജനസംഖ്യ വികസനത്തിന് ഗുണകരമാകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. മൊറാദാബാദില്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മോഹന്‍ ഭാഗവത്.






