
ആസിഫ് അലിയെ നായകനാക്കി പോലീസ് ത്രില്ലറുമായി രാജീവ് രവി. കുറ്റവും ശിക്ഷയും എന്ന് പേരിട്ടിരിക്കുന്ന സിനിമ ജനുവരി 26ന് ചിത്രീകരണം തുടങ്ങും. കേരളത്തിലും രാജസ്ഥാനിലുമായി രണ്ട് ഘട്ടങ്ങളായാണ് ചിത്രീകരണം. ഫെബ്രുവരി അവസനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കും. നിവിന്‍ പോളി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം തുറമുഖത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയാണ് രാജീവ് രവി പുതിയ സിനിമയിലേക്ക് പ്രവേശിക്കുന്നത്.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റെ കഥയാണ്. മാധ്യമ പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് കുറ്റവും ശിക്ഷയും എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വിആര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലി കൂടാതെ സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്, സെന്തില്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കുറ്റവും ശിക്ഷയും എന്ന സിനിമയില്‍ പോലീസ് ഓഫീസറുടെ റോളിലാണ് താനെത്തുന്നതെന്ന് ആസിഫ് അലി പറയുന്നു. വലിയപെരുന്നാള്, തൊട്ടപ്പന്, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.






