ന്യുഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ്. ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് ഇളവ് ചെയ്തത്. ഡല്‍ഹിയില്‍ വന്നതിന് ശേഷമുള്ള പരിപാടികള്‍ മുന്‍കൂട്ടി അധികൃതരെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജാമ്യ വ്യവസ്ഥകള്‍ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കോടതിയെ സമീപിച്ചത്.
ഡല്‍ഹിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുന്നത് ഡല്‍ഹിയില്‍ താമസക്കാരനായ ആസാദിന്റെ മൗലികാവകാശങ്ങളെ വരെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രവേശന വിലക്ക് ഡല്‍ഹി എയിംസില്‍ ചികിത്സ തേടുന്ന ചന്ദ്രശേഖറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജനാധിപത്യത്തിന്റെ ആഘോഷമായ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ചന്ദ്രശേഖര്‍ ആസാദിന് അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയില്‍ സമര്‍പ്പിച്ച വിലാസത്തില്‍ മാത്രമേ താമസിക്കാവൂ, വരുന്നതിന് 24 മണിക്കൂര്‍ മുമ്പ് പോലീസിനെ അറിയിച്ചിരിക്കണം. തുടങ്ങിയ നിബന്ധകള്‍ കോടതി നിര്‍ദ്ദേശിച്ചു.
ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍ വരുന്നതിനെ എതിര്‍ത്ത പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ തീസ് ഹസാരി കോടതി രൂക്ഷമായാണ് പ്രതികരിച്ചത്. ആസാദ് ഡല്‍ഹിയില്‍ എത്തുന്നത് ആശങ്കാജനകമാണെന്നായിരുന്നു പ്രോസിക്യൂട്ടറുടെ തടസ്സവാദം. വീണ്ടും പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുമെന്ന് വാദിച്ച പ്രോസിക്യൂട്ടറോട് ഭരണഘടയുടെ ആമുഖം വായിക്കുന്നതാണോ കുറ്റമെന്ന് കോടതി ചോദിച്ചു.






