
നേപ്പാളില്‍ വിനോദ സഞ്ചാരത്തിന് പോയ എട്ട് മലയാളികള്‍ മരിച്ച വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. മരണ കാരണമാണ് ഏറെ ഞെട്ടിച്ചത്. കാര്‍ബണ്‍ മോണോക്സൈഡാണ് രണ്ട് കുടുംബത്തിലെ എട്ട് പേര് മരിക്കാന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്താണ് കാര്‍ബണ്‍ മോണോക്സൈഡ് എന്ന നിശബ്ദ കൊലയാളിയെന്ന് പലര്‍ക്കും അറിയില്ല. എങ്ങനെയാണ് ഇത് അപകടകാരി ആകുന്നതെന്നും സാധാരണക്കാരന് അറിയില്ല. ദുരന്തം നടന്ന റിസോര്‍ട്ടില്‍ പ്രവര്‍ത്തിച്ചിരുന്നത് ഗ്യാസ് ഉപയോഗിച്ചുള്ള ഹീറ്ററാണ്. തുറസ്സായ സ്ഥലങ്ങളില്‍ പരിപാടികളും മറ്റും നടത്തുമ്ബോള്‍ ഉപയോഗിക്കുന്ന ലോണ്‍ ഹീറ്ററാണ് ഉപയോഗിച്ചിരുന്നതെന്നും സംശയമുണ്ട്. ഇത് കൂതല്‍ ശക്തിയുള്ളതാണ്.
എന്താണ് കാര്‍ബണ്‍ മോണോക്സൈഡ്?
കാര്‍ബണും, ഓക്സിജനും ചേര്‍ന്നതും മണവും, നിറവും, ഇല്ലാത്തതും ആയ ഒരു വാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ് (Carbon monoxide). കുറഞ്ഞ അളവില്‍ പോലും വളരെ മാരകമായ ഒരു വാതകമായതിനാല്‍ ഇതിനെ പലപ്പോളും 'നിശബ്ദ കൊലയാളി' എന്ന് വിളിക്കാറുണ്ട്.
എങ്ങിനെയാണ് കാര്‍ബണ്‍ മോണോക്സൈഡ് ഉണ്ടാവുന്നത്?
ഓക്സിജന്റെ സാന്നിധ്യത്തില്‍ ഇന്ധനം കത്തുമ്പോള്‍ നടക്കുന്ന കെമിക്കല്‍ റിയാക്ഷന് ആണ് ഇവിടെ നടക്കുന്നത് (Fuel + O2 ? CO2 + H2O). ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന കൂടെ കാര്‍ബണ്‍ ഡൈഓക്സൈഡും, ജല ബാഷ്പവും ഉണ്ടാവും. എന്നാല്‍ പൂര്‍ണ്ണമായ ജ്വലനം നടക്കാത്തപ്പോള്‍, അല്ലെങ്കില്‍ കത്തല് പ്രക്രിയ പൂര്‍ണ്ണമാകാത്തപ്പോള്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് കൂടാതെ, കാര്‍ബണ്‍ മോണോക്സൈഡ് (Carbon monoxide) കൂടെ ഉണ്ടാവും.
എങ്ങിനെയാണ് അപകടം ഉണ്ടാവുന്നത്?
ശ്വസന വായുവിന്റെ കൂടെക്കലരുന്ന കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തില്‍ കലരുകയും, ഓക്സിജന്റെ അഭാവം രക്തത്തില്‍ വരികയും ചെയ്യുമ്ബോള്‍ ആണ് മരണകാരണം ആകുന്നത്. എത്ര മാത്രം ഇത് ശ്വാസ വായുവില്‍ അടങ്ങി ഇരിക്കുന്നു എന്നത് അനുസരിച്ചാണ് ഇതിന്റെ വിഷം തീരുമാനിക്കപ്പെടുന്നത്. ''sola dosis facit venenum'' toxicology യുടെ അടിസ്ഥാന പ്രമാണം ആണിത്. അതായത് 'The dose makes the poison' ഡോസ് (മാത്ര/ അകത്തേയ്ക്ക് പോകുന്ന അളവ്) ആണ് ഒരു വസ്തുവിന്റെ വിഷലിപ്തത (toxicity) നിര്‍ണ്ണയിക്കുന്നത്. അതായത് അന്തരീക്ഷ വായുവില്‍ 35 parts per million (ppm) ല്‍ താഴെ ആണെങ്കില്‍ സാധാരണ പ്രശ്നം ഉണ്ടാകാറില്ല.
400 ppm ല്‍ തലവേദന, തലചുറ്റല്‍ ഒക്കെ അനുഭവപ്പെടാം. 3,200 ppm ആകുമ്ബോളേക്കും പത്തു മിനിറ്റിനകം അബോധാവസ്ഥയില്‍ എത്താം; 12,800 ppm നു മുകളില്‍ എത്തിയാല്‍ അത് ഉടനടി മരണകാരണം ആകും എന്നും പഠനങ്ങള്‍ പറയുന്നു. എത്ര സമയം ശ്വസിക്കുന്നു എന്നതും അപകടത്തിന്റെ അളവ് കൂട്ടും, 10 ppm CO ക്കു മുകളില്‍ അന്തരീക്ഷവായുവില്‍ എന്നത് പോലും കൂടുതല്‍ സമയം ശ്വസിച്ചാല്‍ അപകടകരം ആകാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അപകടം ഉണ്ട് എന്ന് ബോധ്യം വന്നാല്‍ ഉടനെ തന്നെ വൈദ്യ സഹായം നേടണം.
അപകടം ഒഴിവാക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കാം?
പല തരത്തിലുള്ള കാര്‍ബണ്‍ മോണോക്സൈഡ് അലാമുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. തണുപ്പുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്ബോള്‍, റൂമുകളില്‍ കാര്‍ബണ്‍ മോണോക്സൈഡ് അലാമുകള്‍ ഉണ്ടോ എന്ന് ഫോണ്‍ ചെയ്തോ, ഇമെയില്‍ അയച്ചോ ചോദിക്കാം. ഉണ്ടെങ്കില്‍ അവയുടെ ബ്രാന്‍ഡ്, ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണോ എന്നും കൂടി അന്വേഷിക്കാം. നിങ്ങള്‍ ഹോട്ടല്‍ ഉടമകള്‍ ആണെങ്കില്‍ എല്ലാ ഗസ്റ്റ് റൂമുകളിലും കാര്‍ബണ്‍ മോണോക്സൈഡ് അലാമുകള്‍ ഫിറ്റ് ചെയ്യാന്‍ ശ്രദ്ധിക്കുക.






