
റിലയൻസ് ജിയോ യുപിഐ പേയ്മെന്റ് ആരംഭിക്കുന്നു. ഗൂഗിൾ പേ, പേടിഎം, ആമസോൺ പേ, ഫോൺപേ, മൊബിക്വിക്ക് തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് കമ്പനികൾക്ക് ഇതൊരു പുതിയ വെല്ലുവിളി ആയിരിക്കും. റിലയൻസ് ജിയോയുടെ ഒഫീഷ്യൽ ആപ്പായ മൈജിയോ ആപ്പിലാണ് യുപിഐ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം നിലവിൽ ജിയോയുടെ പേയ്മെന്റ് സൗകര്യം തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമേ ലഭിക്കുന്നുളളൂ. യുപിഐ ഓപ്ഷന് ഇപ്പൊൾ മൈ ജിയോ ആപ്പില്‍ ചേര്‍ത്തുവെന്നും യുപിഐ ഹാൻഡിൽ @ജിയോ എന്ന പേരിൽ വെർച്വൽ പേയ്മെന്റ് അഡ്രസ്സ് (വിപിഎ) ഉപയോക്താക്കൾക്ക് നൽകുന്നുണ്ടെന്നുമാണ് സൂചന.
നേരത്തെ ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കുകളുമായി ജിയോ യുപിഐ പേയ്മെന്റുകൾ നടത്തുന്നതിനായി ചർച്ചകൾ നടത്തുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. നിലവിലുള്ള സേവനങ്ങളായ ജിയോസാവൻ, ജിയോസിനിമ, ജിയോഎംഗേജ് എന്നിവയ്ക്കൊപ്പമാണ് യുപിഐ ഓപ്ഷൻ മെനുവിൽ നൽകിയിരിക്കുന്നത്. എൻട്രാക്കർ പുറത്തുവിട്ട സ്ക്രീൻഷോട്ടുകൾ ആണ് ഇത് വ്യക്തമാക്കുന്നത്.
മറ്റ് പേയ്മെന്റ് ആപ്പുകൾ ഉപയോഗിക്കുന്നതുപോലെ ജിയോ വരിക്കാർക്ക് ജിയോ യുപിഐ സേവനം ഉപയോഗിക്കാൻ യുപിഐ പിൻ ജനറേറ്റ് ചെയ്തതിനുശേഷം മാത്രമേ കഴിയൂ. ഉപയോക്താക്കൾ അവരുടെ മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പറിലുള്ള ഡെബിറ്റ് കാർഡ് നമ്പർ എന്നിവ നൽകിവേണം യുപിഐ പിൻ സൃഷ്ടിക്കാൻ.






