
ടി.വി.എസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ ബിഎസ് VI പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പുതിയ പതിപ്പിന്റെ ടീസര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മെക്കാനിക്കല്‍ ഘടകങ്ങളില്‍ പുതിയ സ്റ്റാര്‍ സിറ്റി പ്ലസ് പതിപ്പ് മാറ്റമില്ലാതെ തുടരുകയാണ്. ഈ എഞ്ചിന് തന്നെ ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
110 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് പെട്രോള്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന് 7,000 rpm-ല്‍ 8.2 bhp കരുത്തും 5,000 rpm-ല്‍ 8.7 Nm torque ഉം ഉത്പാദിപ്പിക്കുന്നു. നാല് സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന് ഘടിപ്പിച്ചിരിക്കുന്നത്. മുന്‍വശത്ത് ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്‍വശത്ത് അഞ്ച് തവണ ക്രമീകരിക്കാവുന്ന ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബറുകളുമായാണ് ടിവിഎസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്നില്‍ 130 mm ഡിസ്ക് ബ്രേക്കും, പിന്നില്‍ 110 mm ഡ്രം ബ്രേക്കുകളാണ് ബ്രേക്കിങ് സംവിധാനം കൈകാര്യം ചെയ്യുന്നത്. 17 ഇഞ്ച് ടയറുകളാണ് മോട്ടോര്‍ സൈക്കിളിന്റെ ഇരുവശത്തും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓട്ടോമാറ്റിക് ഹെഡ്ലാമ്പ് ഓണ്‍ സംവിധാനം (AHO), ഹണികോമ്പ് ടെക്സ്ചര്‍ഡ് സൈഡ് പാനലുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മഫ്ലര്‍ ഘടകങ്ങള്‍, അലുമിനിയം ഗ്രാബ് റെയിലുകള്‍, കറുത്ത അലോയ് വീലുകള്‍, 3D ചിഹ്നം, സ്പോര്‍ട്ടിയായ ടെയില്‍ ലാമ്പുകള്‍, സോഫ്റ്റ് ടച്ച് സ്വിച്ച് ഗിയറുകള്‍, തുടങ്ങിയവയെല്ലാം ഈ സ്പെഷ്യല്‍ പതിപ്പിന്റെ പ്രത്യേകതകളാണ്. പുതിയ ബിഎസ് VI പതിപ്പ് ജനുവരി 25 -ന് വിപണിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.






