
ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങളിലെ സുരക്ഷയുടെ ഉറപ്പ് വീണ്ടും കൂട്ടുന്നതാണ് വാഹന ലോകത്ത് നിന്നുള്ള പുതിയ വാര്‍ത്ത. മഹീന്ദ്രയുടെ എക്സ്യുവി 300 ആഗോളതലത്തില്‍ നടത്തുന്ന ഗ്ലോബല്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങ് നേടിയാണ് സുരക്ഷയില്‍ കരുത്തു തെളിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ വാഹനങ്ങളില്‍ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷ സ്വന്തമാക്കുന്ന മൂന്നാമത്തെ വാഹനമാണ് മഹീന്ദ്ര എക്സ്യുവി300.
മഹീന്ദ്രയുടെ എംപിവി വാഹനമായ മരാസോ മുമ്പ് നാല് സ്റ്റാര്‍ റേറ്റിങ്ങ് നേടിയിരുന്നു. 37.44 പോയന്റാണ് എക്സ്യുവി 300-ന് ലഭിച്ചത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 16.42 പോയന്റാണ് എക്സ്യുവിക്ക് ലഭിച്ചിരിക്കുന്നത്.
യാത്രക്കാരുടെ തല, കഴുത്ത്, കാല്‍മുട്ട് എന്നിവയ്ക്ക് ഈ വാഹനം മികച്ച സുരക്ഷ ഒരുക്കുന്നുണ്ടെന്നാണ് ക്രാഷ് ടെസ്റ്റില്‍ തെളിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് മുകച്ച സുരക്ഷയും ഡ്രൈവറിന് പര്യാപ്തമായ സുരക്ഷയും നല്‍കുന്നതിനൊപ്പം ഫുട്ട്വെല്‍ ഏരിയ കൂടുതല്‍ ദൃഢമാണെന്നും ക്രാഷ് ടെസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു.
എബിഎസ്-ഇബിഡി ബ്രേക്കിങ്ങ്, ഡ്യുവല്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, കോര്‍ണറിംങ് ബ്രേക്ക് കണ്ട്രോള്, ഓള് ഡിസ്ക്ബ്രേക്ക്, പാസഞ്ചര്‍ എയര്‍ബാഗ് ഡിആക്ടിവേഷന്‍ എന്നീ സുരക്ഷ സംവിധാനങ്ങള്‍ എക്സ്യുവി300-ന്റെ അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന വേരിയന്റില്‍ ഏഴ് എയര്‍ബാഗും മുന്നില്‍ പാര്‍ക്കിങ്ങ് സെന്‍സറുകളും ത്രീ പോയന്റ് സീറ്റ് ബെല്‍റ്റുമുണ്ട്. 2019-ഫെബ്രുവരിയിലാണ് മഹീന്ദ്രയുടെ എക്സ്യുവി 300 കോംപാക്ട് എസ്യുവി അവതരിപ്പിച്ചത്.






